ലേലത്തിന് ആളില്ല; സന്നിധാനത്തെ നാളികേര സംഭരണവും സംസ്കരണവും പ്രതിസന്ധിയില്‍
ദിവസേന തൂക്കിവിൽപന നടത്തിയാണ് ദേവസ്വം ബോർഡ് പ്രതിസന്ധി മറികടക്കുന്നത്
ലേലം കൊള്ളാൻ ആളില്ലാതായതോടെ സന്നിധാനത്തെ നാളികേര സംഭരണവും സംസ്കരണവും പ്രതിസന്ധിയിൽ. ദിവസേന തൂക്കിവിൽപന നടത്തിയാണ് ദേവസ്വം ബോർഡ് പ്രതിസന്ധി മറികടക്കുന്നത്.
പമ്പയിലും സന്നിധാനത്തും അടിക്കുന്നതും നെയ്തേങ്ങയുടെയും സംഭരണമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാളികപ്പുറം ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നവർ അർപ്പിക്കുന്നതും ഈ കൂട്ടത്തിൽ പെടുമെങ്കിലും ഉടയാത്തതായതിനാൽ പ്രശ്നമില്ല. തീർഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ നഷ്ടമുണ്ടാകുമെന്ന ഭീതിയിൽ കരാറുകാർ ലേല നടപടിയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ദേവസ്വം ബോർഡിന്‍റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് നാളികേര സംഭരണം. നിലവിൽ നാളികേരം അതത് ദിവസം തൂക്കിവിൽക്കുകയാണ്.
മുൻ വർഷം കേരഫെഡായിരുന്നു നാളീകേരം ലേലത്തിലെടുത്തത്. ആറു കോടിയോളം രൂപ കേരഫെഡിന് ഈ ഇനത്തിൽ ലാഭം ലഭിക്കുകയും ചെയ്തു. കരാറുകാര്‍ വിമുഖത കാട്ടുകയാണെങ്കില്‍ നാളികേര സംഭരണം വീണ്ടും കേരഫെഡിന് കൈമാറും.