കോയമ്പത്തൂരിലെ കാർ സ്‌ഫോടനത്തില്‍ അന്വേഷണം കേരളത്തിലേക്ക്; അറസ്റ്റിലായത് അഞ്ചുപേർ
കഴിഞ്ഞദിവസമാണ് ഓടുന്ന കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടത്
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഓടുന്ന കാറിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതികൾക്ക് കേരളത്തിലും ബന്ധമുണ്ടെന്നാണ് സൂചന.കേസിൽ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. മുഹമ്മദ് ധൽക, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ എന്നിവരാണ് അറസ്റ്റിലായത്.
എൻജിനിയറിങ് ബിരുദധാരിയായ ജമേഷ മുബിൻ (25) ആണ് കഴിഞ്ഞദിവസം പുലർച്ചെ ടൗൺ ഹാളിനു സമീപമുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. കോട്ടൈമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്താണ് സംഭവം.സ്ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. തകർന്ന കാറിൽനിന്ന് പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു.
പിടിയിലായ പ്രതികള്‍ കാറിലേക്ക് ചില വസ്തുക്കള്‍ കയറ്റുന്നതിന്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ കൊല്ലപ്പെട്ട ജമീഷ മുബീൻ താമസിക്കുന്ന വീട്ടിലെ സാധനങ്ങൾ പുതുതായി താമസം തുടങ്ങുന്ന വീട്ടിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണെന്ന് ഇതെന്ന പിടിയിലായവർ പൊലീസിന് നൽകിയ മൊഴി.
2019 ൽ ഐഎസ് ബന്ധം സംശയിച്ച് ജമീഷ മുബീനെ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽ അന്ന് എൻഐഎ റെയ്ഡും നടന്നിരുന്നതായും പൊലീസ് പറയുന്നു. കാറിൽനിന്ന് മറ്റൊരു എൽപിജി സിലിണ്ടർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജമീഷ മുബിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധനകൾ നടത്തി.സംഭവത്തിനുപിന്നാലെ കോയമ്പത്തൂർ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കേസ് അന്വേഷിക്കാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.