തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ ആൾമാറാട്ടം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രിൻസിപ്പലിനെ മാറ്റും
ഷൈജുവിനെ മാറ്റാന്‍ സർവകലാശാല കോളേജ് മാനേജ്മെന്റിനോട് ആവശ്യപ്പെടും
തിരുവനന്തപുരം: കട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തില്‍ കടുത്ത നടപടിയുമായി കേരള സർവകലാശാല. പ്രിൻസിപ്പല്‍ ഡോ. ജി ജെ ഷൈജുവിനെ മാറ്റും. ഇക്കാര്യം സർവകലാശാല കോളേജ് മാനേജ്മെന്റിനോട് ആവശ്യപ്പെടും. ശനിയാഴ്ചയിലെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിന് ശേഷമായിരിക്കും തീരുമാനം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനെപ്പറ്റിയും സർവകലാശാല ആലോചിക്കുന്നുണ്ട്
വിശാഖിനെ ഉൾപ്പെടുത്തിയത് പെൺകുട്ടി രാജിവച്ചതിനാൽ എന്നായിരുന്നു. പ്രിൻസിപ്പലിന്റെ വിശദീകരണം. പ്രിൻസിപ്പലിന്റെ വിശദീകരണം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സർവകലാശാല. മുഴുവൻ തെരഞ്ഞെടുപ്പ് രേഖകളും ഇന്ന് തന്നെ ഹാജരാക്കണം. റിട്ടേണിംഗ് ഓഫീസർ ആയിരുന്ന അധ്യാപകൻ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഷൈജുവിനെതിരെ സംഘടനാ നടപടിയുമുണ്ട്. കെപിസിടിഎ സംഘടനാ ചുമതലകളിൽ നിന്നും നീക്കി. വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ.വിശാഖിന്‍റ പേര് നൽകിയത്. എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് എ.വിശാഖ്.