പുതിയ ചിട്ടകളുമായി 18 മുതൽ കോളജുകൾ പൂർണമായും തുറക്കും

സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാം

Update: 2021-10-12 14:37 GMT
Advertising

കോവിഡ് ചട്ടം പാലിച്ചും വാക്‌സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നതടക്കം പ്രതിരോധത്തിന് അവസരം ഒരുക്കിയും പുതിയ ചിട്ടകളുമായി 18 ന് കോളേജ് പൂർണമായി തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിത തീരുമാനമെടുക്കാം. കോവിഡ് പ്രോട്ടോക്കോൾ ബോധവത്കരണത്തോടെ ക്ലാസുകൾ തുടങ്ങും. ലിംഗ പദവി കാര്യത്തിൽ പ്രത്യേക ക്ലാസുകൾ നൽകും. വിനോദയാത്രകൾ സംഘടിപ്പിക്കാൻ അനുമതിയില്ല. ലാബും ലൈബ്രറികളും ഉപയോഗിക്കാൻ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കികൊടുക്കണം. പശ്ചാത്തലസൗകര്യം, ലാബ്-ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികൾ മുൻകൈയെടുക്കണം. പ്രിൻസിപ്പൽമാരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ മന്ത്രി ഡോ. ആർ ബിന്ദു നിർദേശങ്ങൾ അറിയിച്ചു.

ടൂറിനു പോകാനുള്ള കുട്ടികളുടെ ആവശ്യവുമായി നിരവധി രക്ഷിതാക്കളുടെ വിളികൾ വരുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രകൾ അഭിലഷണീയമല്ലെന്നും വേണ്ടെന്നും കുട്ടികളോട് പറയണമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോവിഡിന് പുറമെ, ശക്തമായ മഴയുടെയും ഉരുൾപൊട്ടലിന്റെയും അന്തരീക്ഷമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രണയക്കൊലയും മറ്റും ഉണ്ടാക്കിയ ഉൽക്കണ്ഠാകരമായ അന്തരീക്ഷം വിദ്യാർഥികൾക്കിടയിൽ നിലനിൽക്കുന്നു. കോവിഡ് സാഹചര്യം കുട്ടികളുടെ മാനസികനിലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് കാമ്പസുകളിൽ കൗൺസലിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കണം. ഇവ സംബന്ധിച്ച് വിശദമായ സർക്കുലർ ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ കാമ്പസുകൾക്ക് പ്രവർത്തിക്കാനാവൂ. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദമായ ഉത്തരവ് ഉടൻ പ്രസിദ്ധീകരിക്കും - മന്ത്രി അറിയിച്ചു.

എല്ലാ കാമ്പസുകളിലും കോവിഡ് ജാഗ്രത പാലിക്കപ്പെടണം. ജാഗ്രതാസമിതികൾ എല്ലാ കാമ്പസുകളിലും രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ കൂടിയാലോചനകൾ ഈ സമിതികൾ നടത്തണം. ക്ലാസ് മുറികളും വിദ്യാർഥികൾ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യണം. വാക്സിനേഷൻ ഡ്രൈവ് മികച്ച രീതിയിൽ എല്ലാ കോളേജുകളിലും നടക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കായി ഈ യത്‌നം കൂടുതൽ ശക്തമായി നടത്തണം. ഇനി വരുന്ന ഏതാനും ദിവസങ്ങൾ അവധിദിനങ്ങളാണ്. വാക്സിനേഷൻ ഡ്രൈവ് ഈ ദിവസങ്ങളിൽ കാര്യമായി നടക്കാൻ സ്ഥാപനമേധാവികൾ മുൻകൈ എടുക്കണം -മന്ത്രി യോഗത്തിൽ നിർദേശിച്ചു.

കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച വിശദമായ ക്ലാസോടെ വേണം അധ്യയനത്തുടക്കം. അതോടൊപ്പം, ലിംഗപദവികാര്യത്തിലും ക്ലാസുകൾ വേണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. അത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ പരാതിപരിഹാര സെല്ലിന്റെയും മറ്റും ചുമതലയുള്ള അധ്യാപകർക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആഭിമുഖ്യത്തിൽ കേന്ദ്രീകരിച്ച ക്ലാസുകൾ ഉടനുണ്ടാകും മന്ത്രി വ്യക്തമാക്കി. കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ വിഘ്നേശ്വരി, ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ബൈജു ബായ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News