'മടങ്ങി വരു സഖാവേ'; വിദ്യയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കെ.എസ്.യുവിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് ക്യാമ്പയിൻ
ഭരണ സ്വാധീനം ഉപയോഗിച്ച് ഇത്തരം പ്രവർത്തികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ തുടർ സമരങ്ങളുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് കൂട്ടി ചേർത്തു
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്.എഫ്.ഐ പ്രവർത്തകയായ കെ.വിദ്യയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സംസ്ഥാനവ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്താനൊരുങ്ങി കെ.എസ്.യു. അഗളി പൊലീസ് സ്റ്റേഷനിൽ വിദ്യക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും വിദ്യയെ ഇതുവരെ പിടികൂടാനായിട്ടില്ല.
സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 12 മുതൽ 15 വരെയുള്ള സമയത്ത് കേരളത്തിലെ എല്ലാ ക്യാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ നോട്ടീസ് പതിപ്പിച്ചു കൊണ്ട് പോലീസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിക്കുവാനാണ് തീരുമാനമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് ഇത്തരം പ്രവർത്തികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും തുടർ സമരങ്ങളുമായി കെ എസ് യു മുന്നോട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് കൂട്ടി ചേർത്തു.