'അയാള്‍ ചെയ്ത മഹദ് കാര്യമെന്താണ്'- സവാദിന് സ്വീകരണം നല്‍കിയതിനെതിരെ പരാതിക്കാരി
"ബാത്ത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യാവുന്ന കാര്യം അവൻ കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം"
കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരിച്ച് പരാതിക്കാരി. സംഭവം ലജ്ജാകരമാണ് എന്നും ഇതിനൊക്കെ എങ്ങനെയാണ് മനസ്സു വരുന്നത് എന്നും അവർ ചോദിച്ചു.
'കേരളത്തിലെ സമൂഹവും പുരുഷന്മാരും ഇത്രയും അരോചകമാണ് എന്ന് ആ സംഭവം തെളിയിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഇറങ്ങിവന്ന മനുഷ്യനെപ്പോലെ ആനയിച്ച് മാലയിട്ട് കൊണ്ടുവരാൻ അയാൾ ചെയ്ത മഹദ് കാര്യമെന്താണ് എന്നെനിക്ക് പറഞ്ഞു തരണം.'- മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ അവർ ആവശ്യപ്പെട്ടു.
ജാമ്യത്തിലിറങ്ങിയ ഒരാൾക്ക് എങ്ങനെയാണ് ഇത്തരത്തിൽ സ്വീകരണം നൽകാൻ കഴിയുന്നതെന്ന് അവർ ചോദിച്ചു. 'ബാത്ത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യാവുന്ന കാര്യം അവൻ കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്ന ചോദ്യം എനിക്ക് പൊതുസമൂഹത്തോടുണ്ട്. എങ്ങനെയാണ് അതിനു മനസ്സുവരുന്നത്. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിഞ്ഞിട്ട് ഇറങ്ങിയതാണ് എങ്കിൽ ശരി. ഇത് ജാമ്യത്തിലിറങ്ങിയതാണ്.'- അവർ ചൂണ്ടിക്കാട്ടി.
തെറി മൂലം ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിലെ കമന്റ് സെക്ഷൻ ഓഫാക്കി വെക്കേണ്ടി വന്നെന്നും പരാതിക്കാരി പറഞ്ഞു. '20 ദിവസം എന്നെയും സുഹൃത്തുക്കളെയും മാനസിക വിഷമത്തിലാക്കി. എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ മൊത്തം തെറിയഭിഷേകം നടത്തി. കമന്റ് സെക്ഷൻ ഓഫ് ചെയ്തു വെക്കേണ്ടി വന്നു. എന്റെ സുഹൃത്തുക്കളെ തെറിവിളിച്ചു. എന്റെ പേരിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഞാൻ ഫോളോ ചെയ്യുന്ന എല്ലാവരെയും തെറി പറഞ്ഞു തുടങ്ങി. പ്രതികരിച്ചതിന്റെ പേരിൽ ഞാൻ അനുഭവിക്കുന്നത് ഇതാണ്.'- അവർ കൂട്ടിച്ചേർത്തു.
കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആലുവ ജയിലിന് പുറത്ത് സ്വീകരണം നൽകിയത്. സ്വീകരണത്തിന്റെ ലൈവ് വീഡിയോ അസോസിയേഷൻ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.