ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കാൻ കമ്മിറ്റി രൂപീകരിക്കും-മന്ത്രി ആന്‍റണി രാജു

ഇന്ധന കമ്പനികൾ, ടാങ്കർ ലോറി ഉടമകളുടെ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാവും

Update: 2022-07-22 16:47 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടാങ്കർ ലോറികളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ധനം എത്തിക്കുന്നതിനുള്ള വാടക ഏകീകരിക്കുന്നത് കമ്മിറ്റി നിശ്ചയിക്കും.

ഇന്ധന കമ്പനികളിൽ നിന്ന് പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കുന്നതിന് നിലവിൽ വിവിധ കമ്പനികൾ പല രീതിയിലാണ് വാടക നിശ്ചയിക്കുന്നതെന്ന പരാതികള്‍ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധന കമ്പനികൾ, ടാങ്കർ ലോറി ഉടമകളുടെ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാവും. ടാങ്കര്‍ ലോറികളിൽ ഡ്രൈവറെ കൂടാതെ ഒരു സഹായി വേണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലെ ചട്ടം, 2019-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ഇന്ധന കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ, ടാങ്കർ ലോറി ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ, ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Summary: Committee to be formed to fix fuel tanker lorry rent issue, says minister Antony Raju

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News