പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാപിഴവെന്ന് പരാതി; ഡോക്ടർമാരുടെ മൊഴിയെടുത്തു
അടുത്തിടെയുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ആശുപത്രി ജീവനക്കാരുടെയും ഡോകടർമാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രസവശേഷം തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും മരണപ്പെട്ടിരുന്നു. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാർത്തികയും (29) ഇന്നലെ മരിച്ചിരുന്നു. രണ്ടു പേരുടെയും മരണത്തിൽ ചികിത്സാപിഴവുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുകയും പരാതിപ്പെടുകയും ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരുടെയും മറ്റു ആശുപത്രി ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
അനസ്തേഷ്യ നൽകിയതിലെ പിഴവാണ് കാർത്തികയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധുക്കൾ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കാർത്തിക ഭിന്നശേഷികാരിയാണ്. കാലിന് ചെറുപ്പം മുതൽ പ്രയാസമുണ്ട്. ഇത് സർജറിയിലൂടെ ശരിയാക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതിനായി തൊണ്ടയിലൂടെ ട്യൂബ് ഇട്ടിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഹൃദായഘാതം വന്ന് മരിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
രാത്രി ഒമ്പതരക്ക് ശേഷമാണ് മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. കുലിക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കർത്തിക. പ്രസവത്തെ തുടർന്ന് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും മരിച്ചത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഡോക്ടർമാരുടെ ചികിത്സാപിഴവെന്ന് ആരോപിച്ച് കുടുംബവും നാട്ടുകാരും ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരുന്നത്. ഐശ്വര്യയുടെ മരണത്തിൽ അധികൃതർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവ് കാരണം മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്.