'പ്രവാസി മലയാളിയെ വഞ്ചിച്ച് പണം കൈക്കലാക്കി'; കെ.പി.സി.സി മുൻ സെക്രട്ടറി അജീബ എം സാഹിബിനെതിരെ പരാതി
'കെ.പി.സി.സിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതില്‍ ക്രമക്കേട് നടന്നു'
കെ.പി.സി.സി മുൻ സെക്രട്ടറി അജീബ എം സാഹിബിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകി. പ്രവാസി മലയാളിയെ വഞ്ചിച്ച് പണം കൈക്കലാക്കി എന്നാണ് പരാതി. കെ.പി.സി.സിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതില്‍ ക്രമക്കേട് നടന്നെന്നും കെ.പി.സി.സി ട്രെഷറർ അജീബയെ വഴിവിട്ട് സഹായിച്ചു എന്നും പരാതിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി പ്രതിപക്ഷ നേതാവിനടക്കം കൈമാറിയിട്ടുണ്ടെന്ന് കത്തിൽ വിശദീകരിക്കുന്നു.
എന്നാൽ പ്രവാസി മലയാളിയുടെ പക്കൽ നിന്നും പണം കടമായിട്ട് വാങ്ങിയതാണെന്നാണ് അജീബയുടെ വിശദീകരണം. അതു സംബന്ധിച്ച ചെക്ക് കേസുണ്ട്. നവംബർ എട്ടിന് വഞ്ചിയൂർ കേസ് കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതു സംബന്ധിച്ച് ചില ഒത്തു തീർപ്പുകൾ തങ്ങൾ തമ്മിലുണ്ടെന്നും പരാതിക്ക് പിന്നിൽ ഒരു നേതാവിന്റെ ഗൂഢാലോചനയാണെന്നുമാണ് അജീബയുടെ ആരോപണം. തനിക്ക് ലഭിക്കുന്ന ചില പാർട്ടി പദവി ഇല്ലാതാക്കാനുള്ള ശ്രമമാണിത്. തനിക്ക് എന്തിനാണ് അഞ്ച് ലക്ഷം രൂപ തന്നതെന്ന് കെപിസിസി പ്രസിഡന്റടക്കമുള്ളവർ തന്നെ വിശദീകരിക്കട്ടെ എന്നും അജീബ മീഡിയവണിനോട് പറഞ്ഞു.