'രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്ണുങ്ങളെ മുസ്ലീമാക്കി, എല്ലാവരേയും പ്രസവിപ്പിച്ചു'; വിദ്വേഷ പരാമര്‍ശത്തിന് പി.സി. ജോര്‍ജിനെതിരെ പരാതി
ജോര്‍ജിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെ പലരും നേരത്തേയും പരാതി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശങ്ങളുമായി വീണ്ടും രംഗത്തുവന്ന പൂഞ്ഞാര്‍ മുന്‍ എം.എൽ.എ പി.സി. ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പൊലീസില്‍ പരാതി. നടയ്ക്കല്‍ കാരയ്ക്കാട് സ്വദേശി എം.എം. മുജീബാണ് ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് ഈരാറ്റുപേട്ട സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.
മെയ് 9ന് നവകേരള ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് വീണ്ടും മുസ്ലീം സമുദായത്തിനെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിച്ചത്. മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നും മറ്റ് മതസ്ഥരുമായി സ്പര്ധയുണ്ടാക്കുംവിധം പരാമര്‍ശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഉത്തരവാദപ്പെട്ട നേതാവില്‍നിന്ന് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ മനഃപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ്.
കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്.
2030ല്‍ കേരളം ഒരു മുസ്ലിം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലിം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ജോര്‍ജ് അഭിമുഖത്തിനിടെ സൂചിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ അധാര്‍മികവും നിയമവിരുദ്ധവും ഇന്ത്യന്‍ ശിക്ഷാനിയമം 153, 153 (എ), 502 (2) വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. അതിനാല്‍, പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. വിവാദ അഭിമുഖത്തിെൻറ പകര്‍പ്പ് പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ഈ മാസം 11നാണ് പരാതി നല്‍കിയത്. ജോര്‍ജിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെ പലരും നേരത്തേയും പരാതി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലുമുണ്ടായിട്ടില്ലെന്നും പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു.