പി.വി.ആർ നാച്വർ റിസോര്‍ട്ടിനെതിരായ പരാതി; കലക്ടര്‍ തെളിവെടുപ്പ് നടത്തി
റിസോര്‍ട്ട് അധികൃതര്‍ തെളിവെടുപ്പിന് ഹാജരായില്ല
കോഴിക്കോട്: കക്കാടംപൊയിലിൽ അരുവിയുടെ ഒഴുക്ക് തടഞ്ഞ് പി.വി അൻവർ എം.എൽ.എ റിസോർട്ട് നിർമിച്ചെന്ന പരാതിയിൽ കലക്ടർ തെളിവെടുപ്പ് നടത്തി. പരാതിക്കാരനും ലാൻഡ് റവന്യൂ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും തെളിവെടുപ്പിന് ഹാജറായി. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു നടപടി. റിസോര്‍ട്ട് അധികൃതര്‍ തെളിവെടുപ്പിന് ഹാജരായില്ല.
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ ചേംബറിലായിരുന്നു തെളിവെടുപ്പ്. പി.വി അന്‍വറിന്റെ അപ്പീല്‍ തള്ളി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് റിസോര്‍ട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
തടയണകള്‍ പൊളിച്ചു നീക്കുന്നതിന്റെ മറവില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവി തന്നെ മണ്ണിട്ട് മൂടിയെന്നാണ് പരാതി. കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് പരാതിക്കാരനായ ടി.വി.രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.