എസ്എഫ്‌ഐ പ്രവർത്തകൻ മഹാത്മാ ഗാന്ധിയെ അപമാനിച്ചതായി പരാതി
എടത്തല പൊലീസിൽ കെ.എസ്.യു ആണ് പരാതി നൽകിയത്.
Update: 2023-12-26 11:01 GMT
കൊച്ചി: എറണാകുളത്ത് എസ്എഫ്‌ഐ പ്രവർത്തകൻ മഹാത്മാ ഗാന്ധിയെ അപമാനിച്ചതായി പരാതി. എസ്എഫ്‌ഐ മുൻ ആലുവ ഏരിയാ കമ്മിറ്റി അംഗം അദീൻ നാസറിനെതിരെയാണ് പരാതി.
എടത്തല പൊലീസിൽ കെ.എസ്.യു ആണ് പരാതി നൽകിയത്. ചൂണ്ടി ഭാരതമാത ലോ കോളജിലെ ഗാന്ധിപ്രതിമയിൽ കൂളിങ് ഗ്ലാസ് വച്ച് വീഡിയോ ചിത്രീകരിച്ചെന്നാണ് പരാതി. ലോ കോളജ് വിദ്യാർഥിയാണ് അദീൻ നാസർ.
രണ്ടാഴ്ച മുമ്പാണ് സംഭവം. ലോ കോളജിലെ ഗാന്ധി പ്രതിമയുടെ കണ്ണിൽ കൂളിങ് ഗ്ലാസ് വച്ച ശേഷം, 'മരിച്ചയാളല്ലേ' എന്ന പരിഹാസ പരാമർശത്തോടെ വീഡിയോ ചിത്രീകരിക്കുകയും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പരാതി.
ഇന്നലെ രാത്രിയാണ് പരാതിയുമായി കെ.എസ്.യു പൊലീസിനെ സമീപിച്ചത്. പരാതിയിൽ അദീനെതിരെ പൊലീസ് കേസെടുത്തു.