'കാലാവധി കഴിഞ്ഞിട്ടും തുടരുന്നു'; സാങ്കേതിക സർവകലാശാല ഭരണസമിതിക്കെതിരെ പരാതി
ഭരണസമിതി പിരിച്ചുവിടണമെന്നാശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഭരണസമിതി തുടരുന്നത് അനധികൃതമായെന്ന് പരാതി. കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സർവകലാശാല സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണർസും പുനഃസംഘടിപ്പിച്ചിട്ടില്ല. ഭരണസമിതി അടിയന്തരമായി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകി. സർവകലാശാല ചട്ടപ്രകാരം ഭരണസമിതിയുടെ കാലാവധി നാല് വർഷമാണ്. ഇത് പ്രകാരം 2020 ഏപ്രിൽ രണ്ടിന് രൂപീകരിച്ച സമിതിയുടെ സമയപരിധി ഇക്കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ചു.
എന്നാല്‍ സിൻഡിക്കേറ്റോ ബോർഡ് ഓഫ് ഗവർണർസോ പുനഃസംഘടിപ്പിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിനെതിരെ ആണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതിയുമായി രംഗത്ത് വന്നത്. അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നു എന്ന് ആരോപിക്കപ്പെടുന്ന മുൻ എം പി പി.കെ. ബിജു ഉൾപ്പെടെ ആറുപേർക്ക് വേണ്ടി പുനഃസംഘടന വൈകിപ്പിക്കുന്നു എന്നാണ് ആക്ഷേപം. ചട്ടപ്രകാരം സമിതിയുടെ പുനഃസംഘടന വരെ മാത്രമേ നോമിനേറ്റഡ് അംഗങ്ങളായ ഇവർക്ക് തുടരാൻ കഴിയൂ. പുനഃസംഘടന നടന്നാൽ ഇവരെ വീണ്ടും നാമനിർദേശം ചെയ്യാൻ വ്യവസ്ഥയുമില്ല. അതിനാൽ നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.
അനധികൃതമായി തുടരുന്ന ബോർഡ് ഓഫ് ഗവർണർസ് അംഗങ്ങളെയും സിൻഡിക്കേറ്റിനെയും പിരിച്ചുവിടണമെന്നതാണ് പരാതിക്കാരുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങാനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആലോചിക്കുന്നുണ്ട്.