വായ്പ അപേക്ഷിക്കാനെത്തിയ യുവതിയെ കടന്നുപിടിച്ച് നഗ്നതാ പ്രദർശനം: ബാങ്ക് മാനേജർക്കെതിരെ പരാതി
തിരുവനന്തപുരം വെമ്പായം സർവീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജർ സുനിൽ കുമാറിനെതിരെയാണ് പരാതി
തിരുവനന്തപുരം: വായ്പ അപേക്ഷിക്കാനെത്തിയ യുവതിയെ മാനേജർ കടന്നു പിടിച്ചതായി പരാതി. തിരുവനന്തപുരം വെമ്പായം സർവീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജർ സുനിൽ കുമാറിനെതിരെയാണ് പരാതി. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതിയാണ് പരാതി നൽകിയത്. കടന്നു പിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതായാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിക്കും യുവതി പരാതി നൽകി. സംഭവത്തിൽ സുനിൽകുമാർ ക്ഷമാപണം നടത്തിയതിന്റെ ശബ്ദരേഖ പുറത്തെത്തിയിട്ടുണ്ട്.
ജനുവരി 6 ന് വൈകിട്ട് മൂന്നര മണിക്കാണ് അതിക്രമം നടന്നത്. വായ്പ എടുക്കുന്നതിന് വേണ്ടി ഈട് നൽകിയ ഭൂമി കാണാൻ മാനേജർ സുനിൽ കുമാറെത്തുകയും താൻ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ സുനിൽകുമാർ കയറി പിടിക്കുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്.
സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതി ജനുവരി 10 ന് ആദ്യം പാർട്ടി ബ്രാഞ്ച് സെക്രട്ടറിക്കാണ് പരാതി നൽകിയത്. തുടർന്ന് സുനിൽകുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഇതിനിടയിലാണ് സുനിൽ കുമാർ യുവതിയെ ഫോണിൽ വിളിച്ച് മാപ്പപേക്ഷിക്കുന്നത്.
സുനിൽ കുമാറും സിപിഎം പ്രവർത്തകനാണ്. പാർട്ടിയിൽ നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകാത്തതിനെ തുടർന്ന് ഈ മാസം 9നാണ് യുവതി പോലീസിൽ പരാതി നൽകിയത്. സുനിൽ കുമാർ ഇപ്പോൾ ഒളിവിലാണ്.