കരുവന്നൂർ കേസിലെ ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതി; കേസെടുക്കുന്നതിൽ തീരുമാനം ഇന്ന്

അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പൊലീസ് സംഘം കൊച്ചി ഇ.ഡി ഓഫീസിൽ പരിശോധന നടത്തിയിരുന്നു

Update: 2023-09-21 01:01 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കരുവന്നൂർ കേസിലെ ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മർദിച്ചെന്ന സി.പി.എം കൗൺസിലറുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ  തീരുമാനം ഇന്നുണ്ടാകും. പി.ആർ അരവിന്ദാക്ഷന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ്  പ്രാഥമിക അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ പൊലീസ് സംഘം കൊച്ചി ഇ.ഡി ഓഫീസിൽ പരിശോധന നടത്തിയിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ പി.ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസിലേക്ക് പലപ്രാവശ്യമായി വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രണ്ടു ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനിടെ മർദിച്ചുവെന്ന അരവിന്ദാക്ഷന്റെ പരാതി.

ചോദ്യംചെയ്യലിനിടെ ഉദ്യോഗസ്ഥർ മർദിച്ച് തനിക്ക് പരിക്കുപറ്റിയെന്നും തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്നും കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതിയിൽ അരവിന്ദാക്ഷൻ ആരോപിച്ചിരുന്നു. ഈ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസിനോട് പ്രാഥമിക അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് സെൻട്രൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇ.ഡി ഓഫീസിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇ.ഡി ഓഫീസിലെ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും നിന്ന് വിവരശേഖരണവും നടത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുവെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ വിശദീകരണം. കേസെടുക്കുന്ന കാര്യത്തിൽ ഇന്ന് തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News