ഒരു തവണ ടോൾ പ്ലാസ കടന്നതിന് എട്ട് തവണ ടോൾ ഈടാക്കി; പാലിയേക്കരയിൽ തട്ടിപ്പെന്ന് പരാതി
ടോൾപ്ലാസ അധികൃതർക്ക് ഫാസ്റ്റ് ടാഗിൽ നിന്നും പണം പിൻവലിക്കാനുള്ള അധികാരം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം തട്ടുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു
കളമശേരി: പാലിയേക്കര ടോൾ പ്ലാസയിൽ പണം നഷ്ടമായെന്ന പരാതിയുമായി കളമശേരി സ്വദേശി അജ്നാസ്. അജ്നാസിൻ്റെ കാർ ടോൾ പ്ലാസയിലൂടെ കടന്ന് പോയപ്പോൾ എട്ട് തവണയാണ് ഫാസ്റ്റ് ടാഗിൽ നിന്നും പണം ഈടാക്കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വാഹനം വൈകിട്ട് മൂന്നേ കാലിനാണ് ടോൾ പ്ലാസ കടന്നത്. 90 രൂപയാണ് ഒരു വശത്തേക്കുള്ള ടോൾ നിരക്ക്. എന്നാൽ ഈ സമയം മുതൽ അഞ്ച് മണി വരെ പല സമയത്തായി 90 രൂപ വീതം എട്ട് തവണ പണം നഷ്ടമായിട്ടുണ്ട്.
പിറ്റേ ദിവസം കണ്ടെയ്നർ റോഡിലെ പൊന്നാരിമംഗലം ടോളിൽ എത്തിയപ്പോഴാണ് ഫാസ്റ്റാഗിൽ നിന്ന് പണം നഷ്ടമായ വിവരം അറിഞ്ഞത്. അക്കൗണ്ടിൽ ബാലൻസ് ഉണ്ടെന്ന് കരുതി ടോൾ കടക്കാൻ ശ്രമിച്ചപ്പോൾ മതിയായ തുക ഇല്ലെന്ന പേരിൽ അവിടെ വാഹനം തടഞ്ഞു. അവിടുത്തെ ജീവനക്കാരാണ് അക്കൗണ്ടിൽ നെഗറ്റീവ് ബാലൻസ് ആണെന്ന വിവരം അറിയിച്ചത്. തുടർന്ന് ഫാസ്റ്റാഗ് സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചപ്പോഴാണ് പാലിയേക്കര ടോളിൽ നടന്ന തട്ടിപ്പ് വ്യക്തമായത്.
പിന്നീട് എൻഎച്ച്എഐ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പാലിയേക്കര ടോൾ ഇൻചാർജിൻ്റെ നമ്പറിൽ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ച് ഒരു പരാതി പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഈ മെയിലായി അയച്ചെങ്കിലും മൂന്ന് ദിവസമായിട്ടും മറുപടി ഒന്നും ലഭിച്ചില്ലെന്നും വാഹന ഉടമ പറഞ്ഞു. അതിനാലാണ് വിഷയത്തിൽ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.
ഇതൊരു സാങ്കേതിക പിഴവായി കാണാനാകില്ലെന്നും ടോൾപ്ലാസ അധികൃതർ ഫാസ്റ്റ് ടാഗിൽ നിന്നും പണം പിൻവലിക്കാനുള്ള അധികാരം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തത് അന്യായമാണെന്നും പരാതിക്കാരൻ പറയുന്നു.