ട്യൂഷൻ സെന്ററിൽ ചേർക്കാത്തതിന്റെ വൈരാഗ്യം; ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സിപിഎം പ്രദേശികനേതാവ് മർദിച്ചതായി പരാതി
ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ബാലരാമപുരത്ത് വിദ്യാർഥിക്ക് മർദനം. ചാവടിനട സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. തലയ്ക്ക് ഇടിച്ചെന്നും മുഖത്ത് അടിച്ചെന്നുമാണ് പരാതി. ട്യൂഷൻ സെന്ററിൽ ചേർക്കാത്തതിന്റെ വൈരാഗ്യത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.
സിപിഎം വെങ്ങാനൂർ ലോക്കൽ സെക്രട്ടറി എ രാജയ്യനാണ് മർദിച്ചതെന്ന് വിദ്യാർഥിയുടെ കുടുംബം പറയുന്നു. ചാവടിനടയിൽ പ്രവർത്തിക്കുന്ന യൂണിയൻ അക്കാദമി ഉടമയാണ് രാജയ്യൻ. ഇതിൽ ചേരാത്തതിന്റെ വൈരാഗ്യമാണ് മർദനത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ പറയുന്നു.
ട്യൂട്ടോറിയൽ കോളജിന്റെ മുൻവശത്തെ പടിക്കെട്ടിൽ ബാഗ് വെച്ചത് ചോദ്യം ചെയ്താണ് മർദനമുണ്ടായത്. ഇവിടെ പഠിക്കാത്തവന്മാരൊന്നും ഇവിടെ വരണ്ട എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ബാഗ് ദൂരേക്ക് വലിച്ചെറിഞ്ഞ് മർദിക്കുകയും ചെയ്യുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.