കളർകോട് വാഹനാപകടം: ചികിത്സയിലുള്ള അഞ്ചിൽ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്
ഗുരുതരാവസ്ഥയിലുള്ള ആൽവിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചിൽ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള ആൽവിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദ് മനു, ഗൗരി ശങ്കർ, മുഹ്‌സിൻ, കൃഷ്ണദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്.
തിങ്കളാഴ്ച രാത്രി കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽപ്പെട്ട കാറിന്റെ ഉമട ഷാമിൽ ഖാൻ നേരത്തെയും കാർ വാടകക്ക് നൽകിയിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ രമണൻ പറഞ്ഞു. സിപിഎം നേതാവ് ബെന്നി കൊലക്കേസിൽ പ്രതികൾ ഉപയോഗിച്ചത് ഷാമിൽ ഖാന്റെ ഒമിനിയായിരുന്നു. ഷാമിൽ ഖാൻ സ്ഥിരമായി വാഹനം വാടകക്ക് നൽകുന്നയാളാണെന്ന് ആർടിഒ പറഞ്ഞു. എന്നാൽ സൗഹൃദത്തിന്റെ പുറത്താണ് വിദ്യാർഥികൾക്ക് വാഹനം നൽകിയതെന്നാണ് ഷാമിൽ ഖാൻ പൊലീസിന് മൊഴി നൽകിയത്. ഇത് വിശ്വാസയോഗ്യമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പറഞ്ഞു. വാഹനം വാടകക്ക് നൽകിയതാണോയെന്ന് അറിയാൻ ചികിത്സയിലുള്ള വിദ്യാർഥികളുടെ മൊഴിയെടുക്കുമെന്നും ആർടിഒ പറഞ്ഞു.