'പണം തന്നാൽ ചികിത്സ നടത്താം'; സർക്കാർ ഡോക്ടർ രോഗിയോട് കൈക്കൂലി ചോദിച്ചതായി പരാതി
കായംകുളം താലൂക്കാശുപത്രിയിലെ ഡോ. മിനി സേവിയറിനെതിരെയാണ് പരാതി. ഡോക്ടർക്ക് 3000 രൂപയും അനസ്തേഷ്യക്ക് 1500രൂപയും ആവശ്യപ്പെട്ടതായാണ് യുവതി പറയുന്നത്
ആലപ്പുഴ: കായംകുളത്ത് സർക്കാർ ഡോക്ടർ രോഗിയിൽ നിന്ന് കൈക്കൂലി ചോദിച്ചതായി പരാതി. കായംകുളം താലൂക്കാശുപത്രിയിലെ ഡോ. മിനി സേവിയറിനെതിരെയാണ് പരാതി. ഡോക്ടർക്ക് 3000 രൂപയും അനസ്തേഷ്യക്ക് 1500രൂപയും ആവശ്യപ്പെട്ടതായാണ് രോഗിയായ യുവതി പറയുന്നത്.
പാവപ്പെട്ട കുടുംബത്തിലെ രോഗിയാണ് പരാതിക്കാരി. കായംകുളത്താണ് ഇവരുടെ താമസം. നാട്ടുകാരുടെ സഹായംകൊണ്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പുണ്ടായ രക്തസ്രാവത്തിനാണ് യുവതി ചികിത്സ തേടി കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തുന്നത്. ഗർഭപാത്രം നീക്കം ചെയ്താലെ പരിഹാരമാകൂ എന്നാണ് ഡോക്ടർ യുവതിയോട് പറഞ്ഞത്. വരുന്ന വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ തിയതി നിശ്ചയിച്ചത്.
പലതരത്തിലുള്ള ആരോഗ്യപരിരക്ഷക്ക് യുവതി അർഹയാണെങ്കിലും അതൊന്നും ഇല്ലാത്തതിനാൽ വാർഡ് കൗൺസിലറുടെ സഹായത്തോടെ ആലപ്പുഴ ജില്ലാ കലക്ടറെ അടുത്തിടെ കണ്ടിരുന്നു. സൗജന്യ ചികിത്സ തന്നെ ഉറപ്പാക്കണമെന്ന് കലക്ടർ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ പരിഗണന കൊടുക്കണമെന്ന് കലക്ടർ നിർദേശിച്ച ഒരു രോഗിയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസിന് അടക്കം പരാതി നൽകി മുന്നോട്ടുപോകാനാണ് യുവതി തീരുമാനിച്ചിരിക്കുന്നത്.
watch video report