എസ്.എഫ്.ഐ പ്രവർത്തകന് നിയമവിരുദ്ധമായി മാർക്ക് കൂട്ടി നൽകിയതില്‍ ഗവർണർക്ക് പരാതി
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകന് നിയമവിരുദ്ധമായി മാർക്ക് കൂട്ടി നൽകിയ സർവകലാശാല സിന്‍ഡിക്കേറ്റ് നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി.സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്.
പാലക്കാട് ചിറ്റൂർ ഗവൺമെൻറ് കോളേജ് വിദ്യാർഥിയായിരുന്ന കെ. ആകാശിനാണ് ഇന്‍റേണല്‍ മാർക്ക് കൂട്ടി നൽകിയത്. പൂജ്യം മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ആറു മാർക്ക് കൂട്ടി നൽകുകയായിരുന്നു. മാർക്ക് കൂട്ടാനാവില്ലെന്ന മുന്‍ സിന്‍ഡിക്കേറ്റ് തീരുമാനം മറികടന്നാണ് പുതിയ സിന്‍ഡിക്കേറ്റിന്റെ നടപടി.
പാലക്കാട് ചിറ്റൂർ ഗവൺമെൻറ് കോളേജിൽ 2016 - 19 ബാച്ചിൽ ബി എസ് സി ബോട്ടണി വിദ്യാർഥിയായിരുന്ന ആകാശിന് നാലാം സെമസ്റ്ററിലെ ഫിസിക്കൽ ആൻഡ് അപ്പ്ളൈഡ് കെമിസ്ട്രി എന്ന വിഷയത്തിൽ പ്രാക്ടിക്കലിന് പൂജ്യം ഇൻറേണൽ മാർക്കാണ് ലഭിച്ചത്. മിനിമം ഹാജരില്ലാത്തതും പ്രാക്ടിക്കലിന് ഹാജരാകാതിരുന്നതുമാണ് കാരണം. വിദ്യാർഥി നല്കിയ അപേക്ഷ പരിഗണിച്ച കോളേജിലെ പ്രശ്ന പരിഹാര സെല്‍ യൂണിവേഴ്സിറ്റിയെ സമീപിച്ച് മാർക്ക് കൂട്ടി നൽകാന്‍ ആവശ്യപ്പെട്ടു. എന്നാൽ വിഷയം അന്വേഷിക്കാൻ സിൻഡിക്കറ്റ് രൂപീകരിച്ച സ്റ്റാൻഡിങ് കമ്മിറ്റി മാർക്ക് കൂട്ടി നൽകുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് അപേക്ഷ നിരസിക്കുകയായിരുന്നു.