സാങ്കേതിക സർവകലാശാലയിൽ വി.സിയായി തുടരുന്നത് ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി
ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് സർവകലാശാലയുടെ മറുപടി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ സജി ഗോപിനാഥ് വൈസ് ചാൻസലറായി തുടരുന്നത് ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. ആറ് മാസം കാലാവധി എന്ന സ്റ്റാട്യൂട്ട് നിലനിൽക്കെ 10 മാസം കഴിഞ്ഞും സജി ഗോപിനാഥ് തുടരുന്നത് നിയമ വിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു. ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് സർവകലാശാലയുടെ മറുപടി.
2022 ഒക്ടോബറിലാണ് സുപ്രിംകോടതി കോടതി വിധിയിലൂടെ പുറത്തായ ഡോ. എം എസ് രാജശ്രീക്ക് പകരം സിസ തോമസിനെ ഗവർണർ താത്കാലിക വി സി ആയി നിയമിക്കുന്നത്. മാർച്ച് 31ന് സിസ വിരമിച്ചതോടെ തൊട്ടടുത്ത ദിവസം സജി ഗോപിനാഥ് നിയമിതനായി. താൽക്കാലിക വൈസ് ചാൻസലർക്ക് ആറുമാസം കാലാവധി എന്നത് സാങ്കേതിക സർവകലാശാലയിലെ മാത്രം ചട്ടമാണ്. ഈ ചട്ടം സജി ഗോപിനാഥിൻ്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു എന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു. 10 മാസം പിന്നിട്ടിട്ടും സജി ഗോപിനാഥ് സ്ഥാനത്ത് തുടരുന്നത് നിയമ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇക്കാര്യത്തിൽ സർക്കാരും ഗവർണറും മൗനം പാലിക്കുകയാണ്. ഈ രീതി തുടർന്നാൽ അത് വിദ്യാർഥികളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന് ആണ് പരാതിക്കാർ പറയുന്നത്
എന്നാൽ ചാൻസലറുടെ നിയമന ഉത്തരവിൽ ഇനി ഒരു സ്ഥിരം വി.സി ഉണ്ടാകുന്നത് വരെ സജി ഗോപിനാഥിന് താത്കാലിക ചുമതല എന്ന് പരാമർശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ആരോപണങ്ങൾക്ക് കഴമ്പില്ല എന്ന് സർവകലാശാല പറയുന്നു. കൂടാതെ യുജിസി ചട്ടങ്ങൾ പ്രകാരമാണ് അദ്ദേഹം സ്ഥാനത്ത് തുടരുന്നത് എന്നും സർവകലാശാല വാദിക്കുന്നുണ്ട്.