'മന്ത്രിക്ക് നേരിട്ടുകൊടുക്കാമെന്ന് കരുതിയാ വന്നേ...പക്ഷേ..'; നവകേരള സദസിൽ പരാതികൾ സ്വീകരിക്കുന്നത് ഉദ്യോഗസ്ഥർ
മന്ത്രിമാർക്ക് മുന്നിലെത്തുന്നത് സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട അപേക്ഷകൾ മാത്രം
കാസർകോഡ്: നവകേരള സദസ്സിന്റെ പ്രധാന സവിശേഷതകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പൊതുജനങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരമാണ്. സദസിന് സമീപത്തെ കൗണ്ടറുകളിൽ പരാതികൾ വാങ്ങുന്നതും പരിശോധിക്കുന്നതും ഉദ്യോഗസ്ഥർ തന്നെയാണ്. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട ചില അപേക്ഷകൾ മാത്രമാണ് മന്ത്രിമാർക്ക് മുന്നിലെത്തുക.
നവകേരള സദസ്സിൽ മന്ത്രിമാർ നേരിട്ടാണോ പരാതികൾ സ്വീകരിക്കുക, ചിലരൊക്കെ അങ്ങനെയൊരു സംശയം ചോദിക്കുന്നുണ്ട്.ഓരോ മണ്ഡലത്തിലെയും ഇതുപോലുള്ള കൗണ്ടറുകളിൽ ഉദ്യോഗസ്ഥർ ആണ് അപേക്ഷകൾ സ്വീകരിച്ചു റസീപ്റ്റ് നൽകുന്നത്.നവകേരള സദസ്സുകളിലെ പൊതുയോഗം നടക്കുന്ന വേദികൾക്ക് സമീപമായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ കൗണ്ടറുകൾക്ക് മുന്നിൽ സാധാരണക്കാരുടെ നീണ്ട നിരയാണുള്ളത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം സൗകര്യവുമുണ്ട്. മന്ത്രിമാർ നേരിട്ട് അപേക്ഷകൾ സ്വീകരിച്ചു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പലരും വരുന്നത്. എന്നാൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേരിട്ട് ബന്ധമില്ലാത്ത വിധമാണ് കൗണ്ടറുകളുടെ സജ്ജീകരണം.
ഉമ്മൻചാണ്ടി സർക്കാറിന്റെ ജനസമ്പർക്ക പരിപാടി പോലെ തത്സമയ പരിഹാര നിർദേശമില്ല. സ്വീകരിക്കുന്ന അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിക്കും. അപേക്ഷകളിന്മേൽ രണ്ടാഴ്ച മുതൽ പരമാവധി 45 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നാണ് സർക്കാർ പറയുന്നത്.
അതേസമയം, നവകേരള സദസ്സ് ഇന്ന് മുതൽ മൂന്ന് ദിവസം കണ്ണൂർ ജില്ലയിലാണ് പര്യടനം നടത്തുക. കാസർകോട്ടെ പര്യടനം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും പയ്യന്നൂരിൽ എത്തി. രാവിലെ 9 മണിക്ക് ക്ഷണിക്കപ്പെട്ട പ്രമുഖരുമായി മുഖ്യമന്ത്രി കൂടി കാഴ്ച നടത്തും. പയ്യന്നൂരിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. തുടർന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.11 മണിക്ക് പയ്യന്നൂരിലാണ് ആദ്യ പരിപാടി. തുടർന്ന് കല്യാശ്ശേരി, തളിപ്പറമ്പ്, മണ്ഡലങ്ങളിലും പര്യടനം നടത്തും. വൈകിട്ട് ഇരിക്കൂറിലാണ് സമാപനം.നാളെയും മറ്റന്നാളും കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും.