'അപ്പീലുകൾ പരിഗണിക്കുന്നില്ല': കലോത്സവം തുടങ്ങും മുന്‍പേ പരാതികള്‍

കഴിഞ്ഞ തവണ ജേതാക്കളായ പാലക്കാട് ജില്ലയിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്ത് എത്തിയത്

Update: 2023-01-01 01:45 GMT
Advertising

പാലക്കാട്: സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങുന്നതിന് മുൻപ് തന്നെ പരാതികളും തുടങ്ങി. അപ്പീലുകൾ പരിഗണിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. കഴിഞ്ഞ തവണ ജേതാക്കളായ പാലക്കാട് ജില്ലയിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്ത് എത്തിയത്.

പാലക്കാട് ജില്ലയില്‍ നിന്ന് ഇത്തവണ 180ലധികം വിദ്യാര്‍ഥികള്‍ സംസ്ഥാനതല മത്സരത്തിലേക്ക് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയപ്പോള്‍ 18 പേര്‍ക്ക് മാത്രമാണ് അപ്പീല്‍ അനുവദിച്ച് നല്‍കിയത്. വിദ്യാര്‍ഥികള്‍ യോഗ്യരായിട്ടും 10 ശതമാനം അപ്പീലെന്ന അലിഖിത നിയമം പാലിക്കാന്‍ പല വിദ്യാര്‍ഥികളെയും ഡിഡിഇ തഴഞ്ഞെന്നാണ് മത്സരാര്‍ഥികളുടെ പരാതി.

പല മത്സര ഇനങ്ങള്‍ക്കും 14 ജില്ലയിലെയും വിജയികള്‍ക്ക് മത്സരിക്കാനുളള സമയത്തിലും ഇരട്ടി അനുവദിച്ചത്, അപ്പീല്‍ മുഖാന്തരം എത്തുന്ന വിദ്യാര്‍ഥികളെക്കൂടി മുന്നില്‍ കണ്ടാണ്. മാസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷം വേദിയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കുന്നതിലൂടെ മാനസിക വിഷമം നേരിടുന്നുവെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അപ്പീല്‍ അനുവദിക്കുന്നതില്‍ ഒരു വിവേചനവും ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പറയുന്നത്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും 10 ശതമാനം അപ്പീലുകള്‍ മാത്രമാണ് ഇത്തവണ അനുവദിച്ചത്. മേളയുടെ സമയക്രമം പാലിക്കുന്നതിനായുളള ക്രമീകരണമെന്നാണ് വകുപ്പ് വിശദീകരണം. പല കുട്ടികളും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News