എം.എം ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയത; പൊതു​ദർശനഹാളിൽ ഉന്തും തള്ളും

മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ രം​ഗത്തെത്തി

Update: 2024-09-23 12:15 GMT
Advertising

എറണാകുളം: എം.എം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്ന എറണാകുളം ടൗൺഹാളിൽ സംഘർഷം. പൊതു​ദർശനഹാളിൽ മകൾ ആശ മൃതദേഹത്തിനരികെയിരുന്ന് പൊട്ടിക്കരഞ്ഞു. ഇവർക്കെതിരെ മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ രം​ഗത്തെത്തി.

വനിതാ പൊലീസുകാരെത്തി ആശയെ അവിടെ നിന്ന് നീക്കാനുള്ള ശ്രമം നടത്തി. ഈ സമയം​ കുടുംബാ​ഗങ്ങളെല്ലാം ആശയെ സംരക്ഷിച്ചതോടെ ശ്രമം വിഫലമായി. ആശയുടെ മകനെ പാർട്ടി പ്രവർത്തകർ പിടിച്ചുതള്ളി. ഈ സമയം മ‍ൃതദേഹം ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം, ടൗൺ ഹാളിനകത്ത് അനുശോചനയോ​ഗം തീരുമാനിച്ചിരുന്ന സിപിഎം ഇത് പന്തലിനകത്തേക്ക് മാറ്റിയിരുന്നു. സംഘർഷത്തെ തുടർന്ന് അനുശോചനയോഗം ടൗൺ ഹാളിനു പുറത്തേക്ക് മാറ്റി. ബിജെപി നേതാക്കളടക്കം യോഗത്തിൽ പങ്കെടുക്കുന്നു. കോടതി നിർദേശത്തെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 

മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. മകൾ ആശാ ലോറൻസിൻ്റെ ഹരജിയിലായിരുന്നു ഇടക്കാല ഉത്തരവ്. കളമശേരി മെഡിക്കൽ കോളേജ് ഓഫീസർ വിഷയം തീർപ്പാക്കണമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു. കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ നിയമവശങ്ങൾ പരിശോധിച്ചു മറ്റു നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തീരുമാനമെടുക്കേണ്ടത് ഓതറൈസേഷൻ ഓഫീസറാണെന്നും കോടതി. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News