കെ.സുധാകരന് ആശംസ നേരുന്നതിനൊപ്പം പിന്തുണയും: രമേശ് ചെന്നിത്തല
കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരനെ നിയമിച്ച് കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല
കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരനെ നിയമിച്ച് കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു, പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിനു കഴിയട്ടെയെന്നും ആശംസ നേരുന്നതിനൊപ്പം പിന്തുണയും അറിയിക്കുന്നതായും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. കെ. സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചാണ് തീരുമാനം അറിയിക്കുകയായിരുന്നു. പരാജയത്തിൽ നിൽക്കുന്ന പാർട്ടിക്ക് ഊർജ്ജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകൾ നീണ്ട അനിശ്ചിത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്. അധ്യക്ഷന്‍റെ കാര്യത്തിൽ കേരളത്തിലെ നേതാക്കളുമായി താരിഖ് അൻവർ ആശയവിനിമയം നടത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും സുധാകരൻ അധ്യക്ഷനാവട്ടെയെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം.സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.