ഇന്ധന വിലവർധനവിനെതിരെ നവംബർ 11 ന് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം
രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം.
സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ 11ന് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.
കോവിഡ് സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ സർക്കാരിന് സാധിക്കുന്നില്ല. കേന്ദ്രം ചെയ്തതിൽ തൃപ്തരല്ല. അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കാൻ സർക്കാർ തയാറാവണം. ജനങ്ങളുടെ കഴുത്തറുക്കുന്ന നയം പിൻവലിക്കണം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് സിപിഐഎം നിലപാട്. താത്വിക അവലോകനം നടത്തി സിപിഐഎം സ്വയം അപഹാസ്യരാകരുതെന്നും സുധാകരൻ പറഞ്ഞു.
പെട്രോൾ ഡീസൽ വിലവർധനവില് ജനങ്ങൾ പ്രതീക്ഷിച്ചത് കേന്ദ്രത്തിനെക്കാൾ ഇളവ് സംസ്‌ഥാന സർക്കാരിൽ നിന്നാണ്. ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടോ എന്നറിയണം. ഇന്ധന നികുതി കൊണ്ടുണ്ടാക്കിയ വികസനം എന്താണെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുമെന്നും രാജസ്ഥാനും പഞ്ചാബും നികുതി കുറയ്ക്കണമെന്ന് എഐസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാറ്റ് കുറവാണ്. യുപിഎ വില നിലവാരം കമ്പനികൾക്ക് കൊടുത്തത് ക്രൂഡ് ഓയിലിന്റെ വിലയ്ക്കനുസരിച്ച് മാറ്റാൻ വേണ്ടിയാണെ്, ജനങ്ങളെ ദ്രോഹിക്കാൻ വേണ്ടിയല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.