പട്ടിക സമര്‍പ്പിച്ചത് ഒറ്റ ജില്ല മാത്രം; കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടന പൂര്‍ത്തിയാക്കാനാവാതെ നേതൃത്വം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികള്‍ മാറിയതോടെ മണ്ഡലം പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ ഇനിയും ആഴ്ചകള്‍ എടുത്തേക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവാതെ കെ.പി.സി.സി നേതൃത്വം. പട്ടിക നല്‍കേണ്ട തീയതി ഡി.സി.സികള്‍ക്ക് നീട്ടിനല്‍കിയെങ്കിലും ഒരു ജില്ലയില്‍ മാത്രമാണ് പുനഃസംഘടന പൂര്‍ണമായും പൂര്‍ത്തിയാക്കാനായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികള്‍ മാറിയതോടെ മണ്ഡലം പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ ഇനിയും ആഴ്ചകള്‍ എടുത്തേക്കും.
ബൂത്ത്, ബ്ലോക്ക് പുനഃസംഘടനകളില്‍ അതൃപ്തിയുണ്ടായിരുന്നെങ്കിലും അത് പൊട്ടിത്തെറിയിലേക്ക് പോകാതെ നിര്‍ത്താനായി. പിന്നാലെ വേഗത്തില്‍ മണ്ഡലം പുനഃസംഘടന പൂര്‍ത്തീകരിക്കാനായിരുന്നു നേതൃത്വത്തിന്‍റെ ലക്ഷ്യം. ആഗസ്റ്റ് 15ന് പട്ടിക സമര്‍പ്പിക്കണമെന്ന് ഡി.സി.സികള്‍ക്കു നിര്‍ദേശം നല്‍കിയെങ്കിലും പട്ടിക പൂര്‍ണമായും പ്രസിദ്ധീകരിക്കാനായത് പത്തനംതിട്ട ജില്ലയിലേക്ക് മാത്രമാണ്.
പാലക്കാട്ട് എല്ലാം പൂര്‍ത്തിയായെങ്കിലും നേതാക്കള്‍ പരാതിയുമായെത്തിയതോടെ പട്ടിക തന്നെ കെ.പി.സി.സി മരവിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പരാതി പരിഹരിച്ച് ഇവിടുത്തെ പട്ടിക അന്തിമമാക്കും. പാലക്കാട് എം.പിമാരും കെ.പി.സി.സി ഭാരവാഹിയും ഇടഞ്ഞതാണ് നേതൃത്വത്തെ കുഴക്കിയത്. കോഴിക്കോട് പകുതിയിടത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു.
മറ്റു ചില ജില്ലകള്‍ പട്ടിക തയാറാണെന്ന് പറയുന്നുണ്ടെങ്കിലും കെ.പി.സി.സിക്ക് സമർപ്പിച്ചിട്ടില്ല. നാളെ കൊണ്ട് പട്ടിക സമര്‍പ്പിക്കാനുള്ള പുതിയ കാലപരിധിയും അവസാനിക്കും. ഇനി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് മണ്ഡലം പുനഃസംഘടന പൂര്‍ത്തിയാക്കുന്നത് കാര്യക്ഷമമാക്കാമെന്ന നിലപാടിലാണ് നേതൃത്വം. പലവിധ കാരണങ്ങളാല്‍ പുനഃസംഘടനാ പ്രക്രിയ നീളുന്നത് നേതൃത്വത്തിന് തലവേദനയാണ്.
Summary: KPCC leadership could not complete the reorganization of the Congress constituency committees on time. Although the DCCs were extended the date for submission of lists, only Pathanamthitta DCC was able to complete the reorganization