ആലപ്പുഴയിലെ കോൺഗ്രസ്-സി.പി.ഐ സംഘർഷം: പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ
കേസിൽ കണ്ടാലറിയാവുന്ന ഇരുന്നൂറോളം കോൺഗ്രസ്-സി.പി.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു
ആലപ്പുഴ: ചാരുംമൂട്ടിലെ കോൺഗ്രസ്-സി.പി.ഐ സംഘർഷത്തിൽ മാവേലിക്കര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കൂടിയായ സോളമനെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പതിനെട്ട് പേർ അറസ്റ്റിലായി .
ചാരുംമൂട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് സമീപം സി.പി.ഐ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലി കഴിഞ്ഞ ബുധനാഴ്ചയാണ് സംഘർഷമുണ്ടായത്. പിന്നാലെ കോൺഗ്രസ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് പബ്ലിക് പ്രോസിക്യൂട്ടർ സോളമൻ അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ ഇന്നു രാവിലെ സോളമൻ നൂറനാട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ജാമ്യം ലഭിക്കുന്ന വകുപ്പ് ആയതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
കേസിൽ കണ്ടാലറിയാവുന്ന ഇരുന്നൂറോളം കോൺഗ്രസ്-സി.പി.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഇതുവരെ 18 പേർ അറസ്റ്റിലായി. 11 പേർ സി.പി.ഐ പ്രവർത്തകരും 7 പേർ കോൺഗ്രസ് പ്രവർത്തകരുമാണ്. സി.പി.ഐ നേതാവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സിനു ഖാൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് ശേഖർ തുടങ്ങിയവർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.
Congress-CPI clash in Alappuzha: Public prosecutor arrested