ആ മാതാപിതാക്കളുടെ കണ്ണുനീര് കണ്ട് തകര്‍ന്നുപോയി, സിഐയെ സസ്പെന്‍ഡ് ചെയ്യാതെ പിന്നോട്ടില്ല: അന്‍വര്‍ സാദത്ത്
'മുഖ്യമന്ത്രി ഇവരുടെ കണ്ണുനീര്‍ കാണുന്നില്ലേ? പെണ്‍കുട്ടി ജീവനോടെയിരുന്നപ്പോള്‍ നീതി കിട്ടിയില്ല. ഇനിയെങ്കിലും നീതി കിട്ടണം'
ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം തുടരുന്നു. സമര പന്തലില്‍ മോഫിയയുടെ മാതാപിതാക്കളെത്തി. അവരുടെ കണ്ണുനീര് കണ്ട് തകര്‍ന്നുപോയെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.
ആലുവ ഈസ്റ്റ് സിഐ സുധീറിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ആ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണുനീര് കണ്ട് തകര്‍ന്നുപോയി. മുഖ്യമന്ത്രി ഇവരുടെ കണ്ണുനീര്‍ കാണുന്നില്ലേ? പെണ്‍കുട്ടി ജീവനോടെയിരുന്നപ്പോള്‍ നീതി കിട്ടിയില്ല. ഇനിയെങ്കിലും നീതി കിട്ടണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
സമര പന്തലിലെത്തിയ മോഫിയയുടെ മാതാവ് സങ്കടം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു- "എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ലാ, ഞാന്‍ വന്നില്ല അന്ന് കൂടെ"- എന്നു മാതാവ് പറഞ്ഞു. 'സമാധാനിക്ക് ദൈവത്തോട് പ്രാര്‍ഥിക്കാ'മെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ മോഫിയയുടെ മാതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
മോഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ സിഐക്കെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മോഫിയ ആത്മഹത്യ ചെയ്ത അന്ന് ചര്‍ച്ചയ്ക്കായി ആലുവ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്നും പിതാവ് പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചെത്തി മുറിയില്‍ കയറിയ വാതിലടച്ച മോഫിയ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. സ്ത്രീധന തുക ചോദിച്ച് മോഫിയയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു. 40 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും മോഫിയയുടെ പിതാവ് പറഞ്ഞു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മോഫിയയുടെ ഭര്‍ത്താവ് സുഹൈലിനെയും മാതാപിതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.