ഒന്നാം പ്രതി സുധാകരൻ, രണ്ടാം പ്രതി സതീശൻ; കോൺഗ്രസ് ഡിജിപി ഓഫീസ് മാർച്ചിൽ കേസെടുത്ത് പൊലീസ്

രമേശ്‌ ചെന്നിത്തലയും എം.പിമാരുമടക്കം കണ്ടാലറിയാവുന്ന 500 പേർക്കെതിരെയും കേസ്

Update: 2023-12-23 16:47 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കോൺഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാർച്ചിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ഒന്നാം പ്രതിയാക്കി പൊലീസ് കെസെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് രണ്ടാം പ്രതി. രമേശ്‌ ചെന്നിത്തലയും എം.പിമാരുമടക്കം കണ്ടാലറിയാവുന്ന 500 പേർക്കെതിരെയും കേസ്. പൊലീസിനെ ആക്രമിക്കൽ, മാധ്യമപ്രവർത്തകനെ കല്ലെറിയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. 

പൊലീസ് മർദനത്തിനെതിരെ ഡി.ജി.പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച്‌ കലാശിച്ചത് തെരുവുയുദ്ധത്തിലായിരുന്നു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് തീരും മുൻപേ പൊലീസ് ജലപീരങ്കിയും ഗ്രനേഡും കണ്ണീർ വാതകവുമായി പ്രവർത്തകരെ നേരിട്ടു. ദേഹാസ്വാസ്ഥ്യം നേരിട്ട കെ സുധാകരൻ അടക്കമുള്ള നേതാക്കൾ ചികിത്സ തേടി.

തുടക്കം മുതൽക്ക് തങ്ങളെ പ്രകോപിപ്പിച്ച പ്രവർത്തകർക്ക് മേൽ സമാനതകളില്ലാത്ത വിധം പൊലീസ് കൈയിലുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ചു. മ്യൂസിയം പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ച് പതിവുപോലെ നവകേരളാ സദസ്സിന്റെ ബോർഡുകൾ നശിപ്പിച്ചുകൊണ്ടായിരുന്നു.

ഡി.ജി.പി ഓഫീസിന് സമീപമെത്തിയ നേതാക്കൾ വാഹനത്തിൽ സജ്ജീകരിച്ച സ്റ്റേജിൽ ഇരിപ്പുറപ്പിച്ചപ്പോൾ ബാരിക്കേഡിന് സമീപം നിലയുറപ്പിച്ച പ്രവർത്തകർ പൊലീസിനെ കടന്നാക്രമിച്ചു. കല്ലും ആണി തറച്ച പട്ടികയും നിരന്തരം തങ്ങൾക്ക് മേൽ പറന്നിറങ്ങിയപ്പോൾ നേതാക്കളുടെ പ്രസംഗം തീരാൻ വരെ കാത്തിരിക്കാനുള്ള തീരുമാനം പൊലീസ് ഉപേക്ഷിച്ചു. ജലപീരങ്കിയിൽ തുടങ്ങി.

കല്ലേറ് തുടർന്നതിനാൽ അടുത്ത നടപടി ഗ്രനേഡിന്റെ രൂപത്തിൽ. വേദിയിൽ സംസാരിച്ചുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവിന്റെ തലയ്ക്ക് മുകളിൽ ഗ്രനേഡ് പൊട്ടുന്നത് വരെയെത്തി കാര്യങ്ങൾ. ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നേതാക്കളെ വേദിയിൽ നിന്നിറക്കി. ഇതിനിടയിൽ തുടർച്ചയായി കണ്ണീർ വാതകവും. നേതാക്കളും പ്രവർത്തകരും ചിതറിയോടി. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളികളിൽ എല്ലാം അവസാനിപ്പിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News