വി.ഡി ഇഫക്ട്: സംസ്ഥാന കോൺഗ്രസിലെ സമവാക്യങ്ങളും മാറും

മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി അധ്യക്ഷ പദവി തെറിക്കുമെന്ന കാര്യം ഉറപ്പായി.

Update: 2021-05-22 08:28 GMT
Editor : Suhail | By : Web Desk
Advertising

ഗ്രൂപ്പ് താൽപര്യങ്ങൾക്ക് മേലെ വി.ഡി സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരുമ്പോൾ സംസ്ഥാന കോൺഗ്രസിലെ സമവാക്യങ്ങളും മാറും. കെ.പി.സി.സി പുനസംഘടയിലും ഇത് പ്രതിഫലിക്കും. യു.ഡി.എഫ് തലപ്പത്തും മാറ്റങ്ങൾ അനിവാര്യമാകും.

എ, ഐ ഗ്രൂപ്പുകളുടെ താൽപര്യങ്ങൾ അപ്രസക്തമാക്കിയാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് കോൺഗ്രസ് ഹൈക്കമാൻറ് അവരോധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലേയും നിയമസഭാ തിരഞ്ഞെടുപ്പിലേയും തോൽവിയോടെ ഗ്രൂപ്പ് കളിയെ ഹൈക്കമാൻറ് പഴയ പോലെ പരിഗണിക്കാതെയായി. ഗ്രൂപ്പ് നേതൃത്വത്തിൻറെ തീരുമാനത്തെ ഗ്രൂപ്പിനകത്തുള്ളവരും അവഗണിക്കുന്ന സാഹചര്യം.

കോൺഗ്രസിനെ നശിപ്പിക്കുന്നതാണ് ഗ്രൂപ്പ് കളിയെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തം. ഇതോടെ വരാനിരിക്കുന്ന കെ.പി.സി.സി പുനസംഘടനയിലും തലമുറ മാറ്റം അനിവാര്യമാകും. മുല്ലപ്പള്ളി രാമചന്ദ്രന് പദവി തെറിക്കുമെന്ന് ഉറപ്പായി. അതുകൊണ്ടാണ് മാറാൻ തയ്യാറെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്പോഴെ പറ‍ഞ്ഞ് വെയ്ക്കുന്നത്.

കെ സുധാകരനും കെ മുരളീധരനും അടക്കമുള്ളവർ കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. അവിടേയും എ ഗ്രൂപ്പ് കെ.സി ജോസഫിൻറെ പേര് മുന്നോട്ട് വെയ്ക്കും. അത് ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാൻ എ ഗ്രൂപ്പിലെ മുതിർന്നവർ തീരുമാനിച്ചിരുന്നത്.

നിലവിലെ സാഹചര്യത്തിൽ കെ സുധാകരനാണ് മുൻതൂക്കം. ഒരു മാസത്തിനുള്ള കെ.പി.സി.സി പുനസംഘടനയിലേക്ക് ഹൈക്കമാൻറ് കടക്കും. ഡി.സി.സി തലത്തിലും അഴിച്ചുപണിയുണ്ടാവും. എം.എ ഹസന് യു.ഡി.എഫ് കൺവീനർ സ്ഥാനവും തെറിക്കും. ഗ്രൂപ്പ് നേതാക്കളെ മറികടന്നും തീരുമാനമെടുക്കാൻ കഴിയുമെന്ന് ഹൈക്കമാൻറ് തെളിയിച്ചതോടെ കെ.സി വേണുഗോപാൽ സംസ്ഥാനത്ത് കൂടുതൽ പിടിമുറുക്കുന്നതിനും സാധ്യത നിലനിൽക്കുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News