ഹൈഡൽ ടൂറിസത്തിലെ അഴിമതിയാരോപണം ശരി വയ്ക്കുന്നതാണ് വൈദ്യുതി ബോർഡ് ചെയർമാന്റെ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് നേതാവ് ബിജോ മാണി
ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കാൻ സൊസൈറ്റികൾക്കും വ്യക്തികൾക്കും കരാർ നൽകിയതിലൂടെ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടായെന്നായിരുന്നു യൂത്ത്കോൺഗ്രസ്സിന്റെ ആരോപണം
കെ.എസ്.ഇ.ബി വിവാദങ്ങൾക്ക് മൂർച്ചകൂട്ടി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്തെ ഹൈഡൽ ടൂറിസം പ്രൊജക്ടുകളിൽ വ്യാപക അഴിമതിയെന്ന തങ്ങളുടെ ആരോപണം ശരി വക്കുന്നതാണ് വൈദ്യുതി ബോർഡ് ചെയർമാന്റെ വെളിപ്പെടുത്തലെന്ന് മുൻ യൂത്ത് കോൺഗ്രസ്സ് ഇടുക്കി പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് ബിജോ മാണി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന എം.എം.മണിയുടെയും മുൻ ഡയറക്ടറുടെയും ബന്ധുക്കൾക്ക് ലാഭമുണ്ടാക്കാനാണ് സൊസൈറ്റികളുടെ മറവിൽ പദ്ധതി നടപ്പാക്കിയതെന്നാരോപിച്ച് 2019 ൽ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
പൊൻമുടി,മാട്ടുപ്പെട്ടി,മൂന്നാർ,ആനയിറങ്കൽ, കല്ലാർകുട്ടി, ചെങ്കുളം, ബാണാസുരസാഗർ, എന്നിവിടങ്ങളിൽ ഹൈഡൽ ടൂറിസം പദ്ധതി നടപ്പാക്കാൻ സൊസൈറ്റികൾക്കും വ്യക്തികൾക്കും കരാർ നൽകിയതിലൂടെ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടായെന്നായിരുന്നു യൂത്ത്കോൺഗ്രസ്സിന്റെ ആരോപണം. ടൂറിസം വകുപ്പിനെ അവഗണിച്ച് വൈദ്യുതി വകുപ്പിന്റെ കൈവശമുള്ള ഏക്കറു കണക്കിന് സ്ഥലം സി.പി.എം നിയന്ത്രണത്തിലുള്ള സംഘങ്ങൾക്ക് ഉപാധി രഹിതമായി വിട്ടുനൽകിയെന്നും കരാറിൽ പങ്കെടുത്ത പല സൊസൈറ്റികളും കടലാസ് സംഘടനകളായിരുന്നെന്നും ടെണ്ടർ നടപടികളിൽ ക്രമക്കേടുകളുണ്ടെന്നും ആരോപണമുയർന്നിരുന്നു. അന്നത്തെ ആരോപണം ശരിവക്കുന്നതാണ് വൈദ്യുതി ബോർഡ് ചെയർമാന്റെ വെളിപ്പെടുത്തലെന്ന് ബിജോ മാണി മീഡിയാ വണിനോടു പറഞ്ഞു.
എം.എം.മണിയെ കുറ്റപ്പെടുത്തിയില്ലെന്ന് പറയു ബോർഡ് അറിയാതെ ചില നീക്കങ്ങൾ നടന്നതായി വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടിയും ചെയർമാൻ ഡോ.ബി.അശോകും സമ്മതിക്കുന്നുണ്ട്. മൂന്നാറിലെ സൊസൈറ്റിക്ക് കെ.എസ്.ഇ.ബിയുടെ ഭൂമി പതിച്ചു നൽകാൻ ശ്രമം നടന്നെന്നും സ്ഥലങ്ങൾ കൈമാറിയത് ഫുൾ ബോർഡ് അറിയാതെയാണെന്നുമായിരുന്നു ചെയർമാന്റെ എഫ്.ബി പോസ്റ്റ്. എന്തായാലും ആരോപണ പ്രത്യാരോപണങ്ങൾക്കിടെ കൂടുതൽ വെളിപ്പെടുത്തലിനുള്ള തയ്യാറെടുപ്പിലാണ് ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം. സിജോ വർഗീസ് മീഡിയാ വൺ ഇടുക്കി.