കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു
2001ലാണ് ചടയമംഗലത്തുനിന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൊല്ലം: കോണ്‍ഗ്രസ് നേതാവും ചടയമംഗലം മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു. 73 വയസായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മിൽമ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
2001ലാണ് ചടയമംഗലത്തുനിന്നു പ്രയാര്‍ഗോപാലകൃഷ്ണന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നത്. കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെ.എസ്.യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
1982-ല്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. 1984 മുതല്‍ 2001 വരെ ചെയര്‍മാനായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെ ആര്‍. ബാലകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചിരുന്നു. മുൻ അധ്യാപിക സുധയാണു ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി.കൃഷ്ണൻ എന്നിവർ മക്കളാണ്.