കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഖാർഗെയെ പിന്തുണച്ച് കെ. സുധാകരൻ
''ഖാർഗെയുടെ സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കോൺഗ്രസിന് കരുത്ത് പകരും''
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് കെ. സുധാകരന്റെ പിന്തുണ. ഖാർഗെയുടെ സംഘടനാ രംഗത്തെ അനുഭവ സമ്പത്ത് കോൺഗ്രസിന് കരുത്ത് പകരുമെന്ന് സുധാകരൻ പറഞ്ഞു.
നേരത്തെ മനസ്സാക്ഷിവോട്ട് ചെയ്യാമെന്നായിരുന്നു സുധാകരന്റെ നിലപാട്. ഇക്കാര്യത്തിൽ ഒരു നിയന്ത്രണവും നിർദേശവും അംഗങ്ങൾക്ക് പാർട്ടി നൽകിയിട്ടില്ല. രണ്ട് സ്ഥാനാർഥികളും പ്രബലരാണ്. ഇവരിൽ ആര് പാർട്ടിയെ നയിക്കണമെന്ന് വോട്ടെടുപ്പിലൂടെ തീരുമാനിക്കുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
അതേസമയം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും പ്രചരണം തുടരുകയാണ്. ഹൈക്കമാന്റ് വികാരം അറിഞ്ഞുള്ള പിന്തുണ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഖാർഗെ. നേതാക്കളെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനുമായി തരൂർ ഹൈദരാബാദിൽ എത്തി. വൻ സ്വീകരണമാണ് തരൂരിന് ഹൈദരാബാദിൽ ലഭിച്ചത്. ബിജെപിക്കെതിരെയാണ് പോരാട്ടമെന്നും ഖാർഗെയുമായി പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ലെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.