ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം ശക്തിപ്പെടുത്താൻ കോൺഗ്രസ്; ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും
ഏക സിവിൽ കോഡ് വിവാദങ്ങൾക്കിടയിൽ കുരുങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം പാളരുതെന്ന പൊതുവികാരമാണ് മുന്നണിക്ക് ഉള്ളത്.
തിരുവന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം ശക്തിപ്പെടുത്താൻ യു.ഡി.എഫിൽ ധാരണ. ഇതിനായി ഘടകകക്ഷികളുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ചകൾ സജീവമാക്കും. ഏക സിവിൽ കോഡ് വിവാദങ്ങൾക്കിടയിൽ കുരുങ്ങി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം പാളരുതെന്ന പൊതുവികാരമാണ് മുന്നണിക്ക് ഉള്ളത്. സി.പി.എമ്മിൻ്റെ നീക്കങ്ങൾക്ക് പിന്നിൽ ഈ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലും യു.ഡി.എഫ് നേതാക്കൾക്കിടയിൽ ശക്തമാണ്.
അതിനാൽ ഏക സിവിൽ കോഡിനെതിരായ പ്രചാരണവുമായി മുന്നോട്ടു പോകുന്നതിനൊപ്പം തന്നെ ലോക് സഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ഘടകകക്ഷികളുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തും. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കുകയാണ് ലക്ഷൃം.
ലീഗ് അടക്കമുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റിനായി കടും പിടുത്തം പിടിച്ച് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നാണ് കോൺഗ്രസിൻ്റെ കണക്ക് കൂട്ടൽ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇടുക്കി സീറ്റിനായി അവകാശവാദം ഉന്നയിച്ചാലും നൽകാനിടയില്ല. അങ്ങനെയെങ്കിൽ കോട്ടയം സീറ്റിനായി ജോസഫ് വിഭാഗം നീക്കം നടത്തും. സീറ്റ് വിഭജനത്തിനു മുന്നോടിയായി കോൺഗ്രസും ഘടകക്ഷികളുമായി വിവിധ ജില്ലകളിലുള്ള തർക്കങ്ങൾക്ക് പരിഹാരം കാണലും ഉഭയകക്ഷി ചർച്ചയുടെ പ്രധാന അജണ്ടയാണ്. മുന്നണിക്ക് അകത്തെ ചർച്ചകൾക്ക് പുറമേ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളും യു.ഡി.എഫ് നേത്യത്വം സജീവമാക്കും.