നേതാക്കൾക്കെതിരെ കള്ളക്കേസ്: കോൺഗ്രസിന്റെ സംസ്ഥാന വ്യാപക മാർച്ച് തുടങ്ങി
ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചാണ് പ്രതിഷേധം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും കള്ളക്കേസെടുത്തു എന്ന് ആരോപിച്ച് കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രക്ഷോഭം പുരോഗമിക്കുന്നു. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചാണ് പ്രതിഷേധം. കണ്ണൂരിൽ പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു.
രാവിലെ പത്ത് മണിയോടെയാണ് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് മാർച്ച് ആരംഭിച്ചത്. പല ജില്ലകളിലും കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു എങ്കിലും അത് വകവെക്കാതെയാണ് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തിയത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നിൽ താരിഖ് അൻവറാണ് നിർവഹിക്കുക. തിരുവനന്തപുരം മ്യൂസിയം ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് ആസ്ഥാനത്തിന് മുന്നിലെത്തുന്നതിന് മുൻപ് തന്നെ ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. തുടർന്ന് താൽകാലികമായി സജ്ജമാക്കിയ സമരവേദിയിലാണ് ഉദ്‌ഘാടന ചടങ്ങുകൾ നടക്കുന്നത്.
പി.സി വിഷ്‌ണുനാഥ് എംഎൽഎ (കൊല്ലം), കൊടിക്കുന്നിൽ സുരേഷ് (പത്തനംതിട്ട), ബെന്നി ബെഹനാൻ (ആലപ്പുഴ), രമേശ് ചെന്നിത്തല (തൃശൂർ), കെ മുരളീധരൻ (കോഴിക്കോട്), രാജ്‌മോഹൻ ഉണ്ണിത്താൻ (കാസർഗോഡ്) തുടങ്ങി കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.