കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയ നിര്‍മാണം; അനുമതി നല്‍കിയത് സർക്കാർ നിർദേശ പ്രകാരം
പിഴവുകളുള്ളതിനാൽ കെട്ടിടത്തിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു കോർപറേഷന്‍ നിലപാട്.
കോഴിക്കോട് കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിന് 2015ൽ കോർപ്പറേഷൻ അനുമതി നല്‍കിയത് സർക്കാർ നിർദേശ പ്രകാരം. പിഴവുകളുള്ളതിനാൽ കെട്ടിടത്തിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു കോർപറേഷന്‍ നിലപാട്. പിഴവുകള്‍ക്ക് പരിഹാരമായി 12.82 കോടി രൂപ പിഴയടക്കണമെന്നും കോർപ്പറേഷൻ നിർദേശിച്ചിരുന്നു. എന്നാൽ, പിഴ ഒഴിവാക്കി അനുമതി നൽകാൻ തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന എ.പി മുഹമ്മദ് ഹനീഷാണ് ഉത്തരവിട്ടത്. റോഡില്‍ നിന്നുള്ള ദൂരപരിധി, പാർക്കിങ് എന്നിവയില്‍ ചട്ടം പാലിച്ചില്ലെന്നായിരുന്നു കോർപറേഷന്‍റെ കണ്ടെത്തല്‍.
സമുച്ചയം നിർമിച്ചതില്‍ ക്രമക്കേടുകളെ കുറിച്ച് കെ.ടി.ഡി.എഫ്.സി ഡയറക്ടർ ബോർഡ് വിജിലൻസിൽ പരാതി നല്‍കിയിരുന്നു. കെട്ടിടത്തിന്‍റെ രൂപഘടനയിലും രൂപകല്‍പനയിലും ക്രമക്കേടു നടന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടവരെ മുഴുവൻ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
അന്വേഷണം അന്തിമഘട്ടത്തിലാണ്. ഐ.ഐ.ടി റിപ്പോർട്ട് കൂടി പരിഗണിച്ച് വിജിലൻസ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കും. ഈ മാസമവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ക്രമക്കേടിൽ പങ്കാളികളായവർക്കെതിരെ കേസെടുക്കാനും വിജിലൻസ് ശിപാർശ ചെയ്യും. ഇതിനിടെ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റ് മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും.