ലക്ഷദ്വീപിൽ പാട്ടം നൽകിയ ഭൂമിയിലെ നിർമാണം; ഷെഡുകൾ പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവിന് സ്റ്റേ
നിർമിതികൾ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു എന്നത് സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു
ലക്ഷദ്വീപിലെ ബംഗാരത്ത് പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമിയില്‍ താത്കാലികമായി കെട്ടിയ ഷെഡുകള്‍ സുരക്ഷാ ഭീഷണിയെന്ന പേരില്‍ പൊളിച്ചുനീക്കാനുളള കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രാത്രിയിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ ഇടപെട്ടത്. ഹരജി വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ചവരെ തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശം.
താത്കാലിക ഷെഡുകള്‍ എന്ത് സുരക്ഷ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദീകരണത്തിന് ലക്ഷദ്വീപ് ഭരണകൂടം സമയം തേടിയതിനെ തുടർന്നാണ് ഹരജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റിയത്. കൃഷിയാവശ്യത്തിനായി അനുവദിച്ച ഭൂമിയിൽ നിർമാണ പ്രവർത്തനം നടത്താനാകില്ലെന്നും അത് ഭീഷണിയാണെന്നുമായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം.
ഷെഡ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 11നാണ് ലക്ഷദ്വീപ് ഭരണകൂടം ആദ്യം നോട്ടീസ് നല്‍കിയത്. 16ന് ഒഴിപ്പിക്കുമെന്ന് കാട്ടി വീണ്ടും നോട്ടീസ് നല്‍കി. തുടര്‍ന്ന് മാര്‍ച്ച് 25 ന് വൈകീട്ടാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടതെന്നും ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു.