സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വിവാദ ഉത്തരവ്: മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം
വനം-ജലവിഭവ വകുപ്പ് മന്ത്രിമാര്‍ ഒന്നുമറിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞതോടെ വിമര്‍ശനം മുഖ്യമന്ത്രിക്ക് നേരെയായി. ഘടകകക്ഷികളും എതിർനിലപാട് എടുത്തതും സർക്കാരിനെ വെട്ടിലാക്കി.
സംസ്ഥാനത്തിന്റെ താല്‍പര്യം ഹനിച്ചെന്ന പ്രതിപക്ഷ വിമർശനത്തിൽ പ്രതിരോധത്തിലായതോടെയാണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്. വനം-ജലവിഭവ വകുപ്പ് മന്ത്രിമാര്‍ ഒന്നുമറിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞതോടെ വിമര്‍ശനം മുഖ്യമന്ത്രിക്ക് നേരെയായി. ഘടകകക്ഷികളും എതിർനിലപാട് എടുത്തതും സർക്കാരിനെ വെട്ടിലാക്കി.
ഉദ്യോഗസ്ഥരെ പഴിചാരി കൈയൊഴിയാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഉത്തരവ് മരവിപ്പിക്കണമെന്ന ആവശ്യത്തോട് ആദ്യം മുഖം തിരിച്ചു. പ്രതിപക്ഷം ഒന്നടങ്കം തമിഴ്നാടിന്റെ താല്‍പര്യങ്ങള്‍ക്ക് കേരളം വഴങ്ങിയെന്ന വിമര്‍ശനവുമായി എത്തി. പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യം ഭാവിയില്‍ ദുര്‍ബലമാക്കാന്‍ ഉത്തരവ് വഴിവെക്കുമെന്ന ആശങ്ക വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു.
ഭരണപക്ഷത്തുള്ള എം.എല്‍.എമാരടക്കം നടപടി ആവശ്യവുമായി രംഗത്ത് വന്നു. ഇതോടെ വനം വകുപ്പ് മേധാവിയുടെ റിപ്പോര്‍ട്ട് വാങ്ങി ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍ തടിയൂരി. ഇതുകൊണ്ട് മാത്രം തൃപ്തിപ്പെടാന്‍ പ്രതിപക്ഷം തയ്യാറല്ല. മുഖ്യമന്ത്രി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ ആവശ്യം.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണത്തോടെ ജലവിഭവ വകുപ്പും വെട്ടിലായി. ഉത്തരവിന് ഇടയാക്കിയ യോഗം വിളിച്ചത് ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്നത് മന്ത്രി റോഷി അഗസ്റ്റിന് കൂടി തലവേദനയാവും. അതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നില്‍ കേരള കോണ്‍ഗ്രസും വെക്കാനിടയുണ്ട്. ഉത്തരവ് മരവിപ്പിച്ചതിനോട് തമിഴ്നാട് എങ്ങനെ പ്രതികരിക്കുമെന്ന ആകുലതയും സര്‍ക്കാരിനുണ്ട്.