കത്ത് വിവാദം; മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സി പി എം
പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്ന് സെക്രട്ടേറിയറ്റിൽ ധാരണ
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും സെക്രട്ടേറിയറ്റിൽ ധാരണയായി.
അതേ സമയം നഗരസഭയിലെ പിൻവാതിൽ നിയമനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ് പി കെ ഇ ബൈജുവാണ് അന്വേഷിക്കുക. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കത്ത് വിവാദത്തിന്‍റെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണ്. ജനപിന്തുണയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നത്. ജെബി മേത്തർ എംപി വ്യക്തിപരമായി അധിക്ഷേപിച്ചതിൽ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.
തനിക്ക് പറയാനുള്ളത് ക്രൈംബ്രാഞ്ച് ചോദിച്ചിരുന്നു. നഗരസഭ ജീവനക്കാരും അവര്‍ക്ക് പറയാനുള്ളത് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതി മേയര്‍ക്ക് നോട്ടീസ് അയച്ചു എന്നു പറയുന്നുണ്ട്. പക്ഷെ നോട്ടീസ് ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതിലെ വിഷയങ്ങള്‍ എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടോ എന്നൊക്കെയാണ് കോടതി ചോദിച്ചിട്ടുള്ളത്. അതൊക്കെ അന്വേഷണവുമായി ബന്ധപ്പെട്ട്, പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ശേഷം പറയാന്‍ കഴിയുന്ന കാര്യങ്ങളാണ്. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കുന്നതെന്നും മേയര്‍ പറഞ്ഞു.