അഞ്ചൽ രാമഭദ്രനെ വെട്ടിക്കൊന്ന കേസിൽ സി.പി.എം നേതാവടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി
ഐ.എൻ.ടി.യു.സി നേതാവിനെ വീട്ടിനുള്ളിൽ കയറി സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്ന കേസിൽ സി.ബി.ഐ കോടതിയുടെതാണ് വിധി
തിരുവന്തപുരം: ഐ.എൻ.ടി.യു.സി നേതാവായിരുന്ന അഞ്ചൽ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി.
സി.പി.എം കൊല്ലം ജില്ലാ കമ്മറ്റിയംഗം ബാബു പണിക്കർ അടക്കമുള്ള പ്രതികൾ കുറ്റക്കാരെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
ഐ.എൻ.ടി.യു.സി കൊല്ലം ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ 2010 ഏപ്രിൽ 10-നാണ് വീട്ടിനുള്ളിൽ കയറി സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.
കേസിലെ ഒന്നാംപ്രതിയും സി.പി.എം പ്രവർത്തകനായിരുന്ന ഗിരീഷ് കുമാറും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഗിരീഷിനെ ചിലർ മർദിച്ചതിന് പ്രതികാരമായി രാമഭദ്രനെ സി.പി.എം പ്രവർത്തകർ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
സി.പി.എം ജില്ലാ കമ്മറ്റിയംഗം ബാബു പണിക്കരെ കൂടാതെ അഞ്ചൽ ഏരിയാ സെക്രട്ടറിയായിരുന്ന പി.എസ് സുമേഷ്, ഗിരീഷ് കുമാർ, അഫ്സൽ, നജുമൽ ഹസൻ, ഷിബു, വിമൽ, സുധീഷ്, ഷാൻ, രഞ്ജിത് തുടങ്ങിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ ഈ മാസം 30-ന് വിധിക്കും.
എന്നാൽ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ് ജയമോഹൻ അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടു. ജയമോഹൻ, റിയാസ്, മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മുൻ പേഴ്സണൽ സ്റ്റാഫംഗം മാർക്സൺ യേശുദാസ്, റോയിക്കുട്ടി എന്നിവരെയാണ് വെറുതെവിട്ടത്. 19 പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ രണ്ടുപേർ മാപ്പു സാക്ഷികളായി. ഒരാൾ മരിച്ചു.