'പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ല'; വടകര കസ്റ്റഡി മരണത്തില്‍ കോടതി
''സജീവൻറെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾ മരണകാരണമല്ല''
കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച കേസിൽ പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം സജീവൻറെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾ മരണകാരണമല്ലെന്നും കോടതി വ്യകത്മാക്കി. പൊലീസുകാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. അതേസമയം ജാമ്യം ലഭിച്ച പൊലീസുകാർക്ക് വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം സ്റ്റേഷനിൽ വെച്ചുണ്ടായ സംഭവങ്ങൾ മാനസികമായ പ്രയാസങ്ങളിലേക്ക് നയിച്ചിട്ടുണ്ടാവാം അത് ഹൃദയാഘാതത്തിന് കാരണമായിട്ടുണ്ടാവാം എന്നാണ് ക്രൈംബ്രാഞ്ച് ഇന്നലെ കോടതിയിൽ ഉന്നയിച്ചത്.
ഇന്നലെയാണ് സജീവന്റെ മരണത്തിൽ നാലു പൊലീസുകാർക്ക് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. പ്രതികളായ എസ്‌ഐ, എം.നിജേഷ്, സിപിഒ പ്രജീഷ്, സസ്‌പെൻഷനിൽ കഴിയുന്ന എഎസ്‌ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവർക്കാണ്‌കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
സജീവന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അതേസമയം തന്നെ ശരീരത്തിൽ ചില മുറിവുകൾ ഉണ്ടെന്ന് കാര്യവും കണ്ടെത്തിയിരുന്നു. പൊലീസ് സർജന്റെതുൾപെടെയുള്ള മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു
കഴിഞ്ഞമാസം 21 ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവൻ വടകര സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതത്തിലേക്ക് നയിച്ചത് കസ്റ്റഡിയിലുണ്ടായ മാനസികവും ശാരീരികവുമായ സമ്മർദ്ധമാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തലാണ് പ്രതികളായ രണ്ട് പൊലീസുകാർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. കൂടാതെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 66 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. മാനുഷിക പരിഗണന കാണിക്കാത്ത പൊലീസ് നടപടിയെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി, ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു.