മഹാരാഷ്ട്രയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ; രാജ്യത്ത് ഇത് വരെ 36 പേർക്ക് രോഗബാധ
മഹാരാഷ്ട്രയിൽ മാത്രം 18 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ വീണ്ടും കൊവിഡ് 19 വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ നാഗ്പൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 36 ആയി. നിലവിൽ മഹാരാഷ്ട്രയിൽ മാത്രം 18 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങളോട് ടിപിആർ ഉയർന്ന ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ടിപിആർ കൂടിയ ജില്ലകളിൽ രാത്രികാല കർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിൻറെ നിർദേശം.
ജനങ്ങൾ മാസ്‌ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മിപ്പിച്ചു.