രണ്ടാം തരംഗത്തില്‍ മരണ നിരക്ക് ഉയരുന്നു; കേരളത്തിന് ആശങ്ക
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണം ഇന്നലെ
സംസ്ഥാനത്ത് ആശങ്കയായി കോവിഡ് മരണനിരക്ക് ഉയരുന്നു. ഇന്നലെ 188 മരണമാണ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമ്പോഴും മലപ്പുറത്ത് സ്ഥിതി രൂക്ഷമാണ്.
കോവിഡ് ആദ്യ തരംഗത്തിൽ മരണം പിടിച്ചു നിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞെങ്കിലും രണ്ടാം തരംഗത്തിൽ മരണ നിരക്ക് കുതിക്കുകയാണ്. ഇന്നല 188 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. അഞ്ച് ദിവസത്തിനിടെ 746 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 7358 ആയി. ഇതിൽ 1604 പേർ 41നും 59നും ഇടയിലുള്ളവരാണ്. ആറാഴ്ചയ്ക്കിടെ രോഗം ബാധിച്ചവരിലെ മരണമാണ് ഇപ്പോഴുണ്ടാകുന്നത്. ഇതനുസരിച്ച് വരുംദിവസങ്ങളിലും മരണനിരക്ക് വർദ്ധിക്കാനാണ് സാധ്യത.
രോഗബാധിതരുടെ എണ്ണം കുറയുന്നത് ലോക്ക് ഡൗൺ ഫലപ്രദമെന്നതിന്‍റെ സൂചനയാണ്. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്തും എറണാകുളത്തും കേസുകളിൽ കുറവുണ്ട്. എന്നാൽ മലപ്പുറത്ത് രോഗികളുടെ എണ്ണത്തിൽ കുറവില്ല. ട്രിപ്പിൾ ഡൗൺ കൂടുതൽ കർശനമാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.
ഇന്നലെ 25,820 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്നലെ 25,820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്.