കോവിഡ് വ്യാപനം; സംസ്ഥാനത്തെ കോടതികൾ ഓൺലൈനായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി
തീർത്തും ഒഴിവാക്കാൻ കഴിയാത്ത സുപ്രധാനമായ കേസുകൾക്ക് നേരിട്ട് വാദം കേൾക്കാൻ അനുമതിയുണ്ട്
Update: 2022-01-15 15:12 GMT
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു. ഇതു പ്രകാരം ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ഓൺലൈനിലായിരിക്കും കേസുകൾ പരിഗണിക്കുക. എന്നാൽ തീർത്തും ഒഴിവാക്കാൻ കഴിയാത്ത സുപ്രധാനമായ കേസുകൾക്ക് നേരിട്ട് വാദം കേൾക്കാൻ അനുമതിയുണ്ട്.
നേരിട്ട് വാദം കേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പതിനഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പൊതുജനങ്ങൾക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് 17,755 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 16488 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.