സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോവിഡ്: പ്രതിദിന കേസുകള്‍ 40,000 കടക്കുമെന്ന് വിലയിരുത്തല്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് അടുത്തെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു. മൂന്ന് മാസത്തിന് ശേഷം പ്രതിദിന രോഗികള്‍ മുപ്പതിനായിരത്തിന് മുകളിലെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് അടുത്തെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
മെയ് 20ന് ശേഷം ആദ്യമായാണ് ഇന്നലെ പ്രതിദിന കേസുകള്‍ 30,000 കടന്നത്. ടി.പി.ആറും മൂന്ന് മാസത്തിന് ശേഷം 19ന് മുകളിലെത്തി. എല്ലാ ജില്ലകളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. മരണനിരക്കും ഉയരുകയാണ്. ഓണത്തിന് ശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന വിലയിരുത്തല്‍ ശരിവെക്കുന്നതാണ് കണക്കുകള്‍. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. പ്രതിദിന കേസുകള്‍ 40,000ലേക്ക് എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.
രോഗവ്യാപനം ഉയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നത് ആശ്വാസകരമാണ്. മലപ്പുറത്തും കാസര്‍കോടുമാണ് സി കാറ്റഗറിയിലുള്ള രോഗികള്‍ കൂടുതല്‍. രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.