കാസര്‍കോട് നിരീക്ഷണത്തിലിരിക്കെ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് പിക്കപ്പ് വാനിൽ
അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാനാണ് പിക്കപ്പ് വാനിൽ സാബുവിനെ കൊണ്ടുപോയതെന്നാണ് കുടുംബാംഗങ്ങളും പഞ്ചായത്ത് അധികൃതരും പറയുന്നത്
കാസർകോട് വെള്ളരിക്കുണ്ടിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് പിക്കപ്പ് വാനിൽ. കൂരാംകുണ്ട് സ്വദേശി സാബുവിനെയാണ് നാട്ടുക്കാർ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചത്. അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാനാണ് പിക്കപ്പ് വാനിൽ സാബുവിനെ കൊണ്ടുപോയതെന്നാണ് കുടുംബാംഗങ്ങളും പഞ്ചായത്ത് അധികൃതരും പറയുന്നത്. സാബു പിന്നീട് ആശുപത്രിയിൽവെച്ച് മരിച്ചു.
ഭാര്യക്കും മകൾക്കും കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നു പേരും വീട്ടിൽ നീരിക്ഷണത്തിലിരിക്കെയാണ് സാബുവിന് രോഗം കൂടിയത്. ഗുരുതരാവസ്ഥയിലായ സാബുവിനെ പി പി കിറ്റ് ധരിച്ച് നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നാല് പേർ ചേർന്ന് കിടക്കയോടു കൂടി സാബുവിനെ തൂക്കിയെടുത്തു പിക്ക് അപ്പിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥ ആയതിനാൽ ജില്ല ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പേഴേക്കും സാബു മരിക്കുകയായിരുന്നു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വേഗം ആശുപത്രിയിൽ എത്തിക്കാനാണ് പിക്കപ്പ് വാനിൽ സേവ്യറിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് കുടുംബാംഗങ്ങളും പഞ്ചായത്ത് അധികൃതരും പറയുന്നത്. രോഗിയെ പിക്കപ്പ് വാനിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവം കൈകാര്യം ചെയ്ത രീതിയിൽ വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ജില്ലാ കലക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്.