അനുമതി ലംഘിച്ച് വിവാഹചടങ്ങുകള്‍; വടകരയില്‍ ഒരു കുടുംബത്തിനെതിരെ കേസ്
അനുവദനീയമായതിലും കൂടുതൽ പേരെ വെച്ച് വിവാഹം നടത്തിയതിന് പൊലീസ് നടപടി.
അനുവദനീയമായതിലും കൂടുതൽ പേരെ വെച്ച് വിവാഹം നടത്തിയതിന് പൊലീസ് നടപടി. വാടക സാധനങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുക്കുകയും വീട്ടുകാർക്കും പാചകക്കാരനും ഉൾപ്പെടെ പൊലീസ് കേസെടുക്കുകയും ചെയ്തു. കോഴിക്കോട് ആയഞ്ചേരിയിലും മന്തരത്തൂരിലുമാണ് പൊലീസ് നടപടിയുണ്ടായത്.
വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 29 വിവാഹങ്ങളാണ് ഇന്നലെയും ഇന്നും നടക്കുന്നത്. ആയഞ്ചേരി കടമേരി യിൽ കൂടെറവിട ഹരിദാസന്‍റെ വീട്ടിലാണ് അനുവദനീയമായതിലും കൂടുതൽ പേരെ പങ്കെടുപ്പിച്ച് വിവാഹത്തലേന്നത്തെ പരിപാടികള്‍ നടത്തിയത്. ഇന്നാണ് വിവാഹം നടക്കേണ്ടത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ കൂടുതൽ പേർ പങ്കെടുത്തുവെന്ന വിവരത്തിന്നെ തുടര്‍ന്നാണ് പരിശോധന നടന്നത്. പൊലീസ് വാടക സാധനങ്ങളുൾപ്പെടെ പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. പാചകക്കാരൻ, വാടകസ്റ്റോർ ഉടമ, വീട്ടുകാർ എന്നിവർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം ചെരങ്ങത്തൂരിലും സമാന സംഭവം നടന്നിരുന്നു.
ടി.ടി. ബാലകൃഷ്ണൻ എന്നയാളുടെ വീട്ടിൽ നടന്ന വിവാഹവും കൂടുതൽ പേരെ വെച്ചാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇരുപത് പേരെ പങ്കെടുപ്പിച്ചായിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍ രണ്ടോ മൂന്നോ ദിവസം വെച്ച് വിവാഹ സല്‍ക്കാരം നടത്തുകയാണ് പലരും.