നാളെ നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റി
കോവിഡ് മാനദണ്ഡങ്ങള്‍ അശാസ്ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരികള്‍ ഇന്ന് മുതല്‍ കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
നാളെ നടക്കാനിരുന്ന കോവിഡ് അവലോകന യോഗം മറ്റന്നാളത്തേക്ക് മാറ്റി. നാളെ മുഖ്യമന്ത്രി വ്യാപാരി നേതാക്കളുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം കടകള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യാപാരികള്‍ തീരുമാനം പ്രഖ്യാപിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടേറിയറ്റ് യോഗം നാളെ തിരുവനന്തപുരത്ത് ചേരും.
കോവിഡ് മാനദണ്ഡങ്ങള്‍ അശാസ്ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരികള്‍ ഇന്ന് മുതല്‍ കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തില്‍ പ്രതിഷേധം മാറ്റിവെക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നാല്‍ നേരിടുമെന്നായിരുന്നു മുഖ്യമന്ത്രി ചൊവ്വാഴ്ച പറഞ്ഞത്. ഇതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നീടാണ് വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തയ്യാറായത്.