കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷം: ഇന്നലെ എത്തേണ്ട രണ്ടര ലക്ഷം ഡോസ് എത്തിയില്ല

വാക്സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തിയുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ ഇനി ഉണ്ടാകില്ല

Update: 2021-04-22 01:24 GMT
Advertising

സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി തന്നെ നൽകും. കേന്ദ്ര സർക്കാർ വാക്സിന് പണം ഈടാക്കിയാലും സംസ്ഥാനത്ത് കോവിഡ് വാക്സിൻ പ്രായഭേദമന്യേ സൗജന്യമായി ലഭിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിര്‍ബന്ധമാക്കി. ഇന്നലെ എത്തുമെന്ന് അറിയിച്ച രണ്ടര ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തിയില്ല. അതിനാൽ ഇന്നും വ്യാപകമായി വാക്സിനേഷൻ മുടങ്ങും.

ഇനി മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ എടുക്കേണ്ടവർ നേരത്തെ ഓണ്‍ലൈനിൽ രജിസ്‌റ്റർ ചെയ്യണം. വാക്സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തിയുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ ഇനി ഉണ്ടാകില്ല. ഓൺലൈൻ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ ടോക്കണ്‍ നൽകൂ. വാക്‌സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കണം.

സര്‍ക്കാര്‍, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ്സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യും. ഇത് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തും. രണ്ടാം ഡോസ് വാക്സിൻ രജിസ്ട്രേഷനുള്ള സാങ്കേതിക പരിമിതി പരിഹരിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി. അതേസമയം ഇന്നും പലയിടത്തും വാക്സിനേഷൻ മുടങ്ങും. തിരുവനന്തപുരത്ത് ജനറൽ ഹോസ്പിറ്റലിൽ മാത്രമാകും ഇന്ന് കുത്തിവെപ്പ്.

കോട്ടയത്ത് മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ നിർത്തലാക്കി

കോട്ടയത്ത് വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ജില്ലാ കലക്ടർ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വാക്സിന്‍ ക്ഷാമവും തിരക്കും കണക്കിലെടുത്ത് മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ നിർത്തലാക്കി. കഴിഞ്ഞ ദിവസം ബേക്കർ സ്കൂളിലടക്കം ഉണ്ടായ തിക്കും തിരക്കും കണക്കിലെടുത്താണ് നിയന്ത്രണം. നിശ്ചയിച്ചിട്ടുള്ള 36 കേന്ദ്രങ്ങളില്‍ 200 പേർക്ക് വീതമാകും വാക്സിന്‍ നല്‍കുക. ഇതിനായി മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. ഇത്തവണ കോവാക്സിനാണ് ക്ഷാമം അനുഭവപ്പെട്ടിരിക്കുന്നത്. ഒരു കേന്ദ്രത്തില്‍ മാത്രമാണ് ഇന്ന് കോവാക്സിന്‍ ഉണ്ടാകുക. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News